മാര്‍ ജോര്‍ജ് കൂവക്കാട് ഇനി കർദിനാൾ; ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് ഫ്രാൻസിസ് മാർപാപ്പ; ഇന്ത്യയ്ക്ക് അഭിമാനമെന്ന് പ്രധാനമന്ത്രി

വത്തിക്കാൻ സിറ്റി: മാര്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാള്‍. ചങ്ങനാശ്ശേരി അതിരൂപതാം​ഗം ആർച്ച്ബിഷപ് മാർ ജോർജ് കൂവക്കാട്ട് ഉൾപ്പടെ 21 കർദിനാൾമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ വത്തിക്കാനിൽ പൂർത്തിയായി. സെൻ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പയാണ് മുഖ്യകാർമികത്വം വഹിച്ചത്.

ഇന്ത്യൻ സമയം രാത്രി 9.23-ന് ഇരുപതാമത്തെ ആളായാണ് മാർ ജോർ‌ജ് കൂവക്കാടിനെ വിളിച്ചത്. ചുവന്ന വസ്ത്രത്തിന് പുറത്ത് കറുത്തവസ്ത്രം ധരിച്ചാണ് മാർ ജോർജ് കൂവക്കാട് സ്ഥാനാരോഹണത്തിനെത്തിയത്‌.


ദൈവത്തിന് എളിമയോടെ ഹൃദയം സമർപ്പിക്കണമെന്നും മറ്റുള്ളവരെക്കുറിച്ച് കരുതൽ വേണമെന്നും പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാനുള്ള വഴിയാണ് നമ്മുടെ മുന്നിലുള്ളതെന്നും നിയുക്ത കർദിനാൾമാരോട് മാർപ്പാപ്പ ആഹ്വാനം ചെയ്തു.

സഭയ്ക്കായി രക്ഷസാക്ഷിത്വം വഹിക്കാനും തയാറാണെന്നതിന്റെ സൂചനയായിട്ടാണ്‌ ചുവപ്പ് കുപ്പായം ധരിക്കുന്നത്‌. വലതുകൈയില്‍ സ്ഥാനമോതിരവും കര്‍ദിനാള്‍ത്തൊപ്പിയും അണിയിച്ചപ്പോള്‍ ഇന്ത്യയിലെ കത്തോലിക്ക സമൂഹത്തിനും പ്രത്യേകിച്ച് കേരള സഭയ്ക്കും അദ്ദേഹത്തിന്റെ രൂപതയായ ചങ്ങനാശ്ശേരി അതിരൂപതയ്ക്കും അഭിമാനവും അനുഗ്രഹനിമിഷവുമായി.സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, ആർച്ച് ബിഷപ് മാ‌ർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത് മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉൾപ്പെട ആർച്ച് ബിഷപ്പുമാരുടെയും നീണ്ട നിര തിരുക്കർമങ്ങളിൽ സവിശേഷ സാന്നിധ്യമായി .ഇന്ത്യൻ സഭാചരിത്രത്തിലാദ്യമായിട്ടാണ് വൈദികരിൽ നിന്ന് ഒരാളെ നേരിട്ട് കർദിനാൾ പദവിലേയ്ക്ക് ഉയർത്തുന്നത്.

സീ​റോ​മ​ല​ബാ​ർ സ​ഭ​യ്ക്ക് അ​ത്യ​പൂ​ർ​വ​മാ​യി മാ​ത്രം ലഭിക്കുന്ന ​പദവിയാണിത്. മാ​ർ കൂ​വ​ക്കാ​ട്ടി​ന്‍റെ മാ​താ​പി​താ​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും വ​ത്തി​ക്കാ​നി​ൽ ഉൾപ്പടെ മാ​തൃ​രൂ​പ​ത​യി​ൽ​നി​ന്നും ജ​ന്മ​നാ​ട്ടി​ൽ​നി​ന്നും നൂ​റു ക​ണ​ക്കി​നു പേ​ർ വത്തിക്കാനിൽ എത്തി. ഇതോടൊപ്പം കേ​ന്ദ്ര സ​ർ​ക്കാ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് കേ​ന്ദ്ര സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര‍്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​ഴം​ഗ​സം​ഘ​വും എം​എ​ൽ​എ​മാ​രാ​യ സ​ജീ​വ് ജോ​സ​ഫ്, ചാ​ണ്ടി ഉ​മ്മ​ൻ എ​ന്നി​വ​രും വ​ത്തി​ക്കാ​നി​ൽ എ​ത്തി​.


മാര്‍ ജോര്‍ജ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഇന്ത്യയ്ക്ക് അഭിമാനമെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. മാര്‍പാപ്പയ്ക്ക് ഒപ്പമുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു.