ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ക്ലാസ് മുറിയില്‍ വെച്ച് ഏഴാം ക്ലാസുകാരിക്ക് പാമ്പ്കടിയേറ്റു

നെയ്യാറ്റിൻകര ചെങ്കൽ UP സ്‌കൂളിൽ ഏഴാം ക്ലാസുകാരിക്ക് ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റു.ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ഏഴാം ക്ലാസില്‍ പഠിക്കുന്ന നേഹ എന്ന പെണ്‍കുട്ടിക്കാണ് പാമ്പ്കടിയേറ്റത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.കുട്ടിയുടെ വലത് കാലിലാണ് കടിയേറ്റത്. ഈ സമയം മറ്റ് കുട്ടികളും ക്ലാസിലുണ്ടായിരുന്നു. കടി കിട്ടിയ ഉടനെ തന്നെ കുട്ടി കുതറി മാറുകയായിരുന്നു. ഉടനെ തന്നെ കുട്ടിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സയും നല്‍കി.കുട്ടി ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുകയാണ്.

ചുരുട്ട വിഭാഗത്തിലുള്ള പാമ്പാണ് നേഹയെ കടിച്ചത്. ഇതിനെ സ്‌കൂള്‍ അധികൃതര്‍ തല്ലിക്കൊല്ലുകയും ചെയ്തു. സ്‌കൂളിന്റെ പരിസരം മുഴുവന്‍ കാട് പിടിച്ച അവസ്ഥയിലാണ്.ഇവിടെ നിന്നാകാം പാമ്പ് ക്ലാസിലേക്ക് എത്തിയതെന്നാണ് കരുതുന്നത്. സ്‌കൂള്‍ പരിസരം എത്രയും വേഗത്തില്‍ വൃത്തിയാക്കണമെന്ന ആവശ്യമാണ് നാട്ടുകാരും രക്ഷിതാക്കളും ഇപ്പോള്‍ സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെടുന്നത്.