ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കൊച്ചി സൈബർ പൊലീസ് ആണ് പ്രതിയെ ആലുവയിൽ നിന്ന് പിടികൂടിയത്. പ്രതി ആദിഖ് ഹനാൻ ആണ് ഇൻസ്റ്റാഗ്രാം വഴി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.ഇൻസ്റ്റാഗ്രാമിൽ തനിക്ക് പ്രൈവറ്റായി സന്ദേശമയച്ചാൽ മാർക്കോ സിനിമയുടെ ലിങ്ക് അയച്ചുതരാം എന്നായിരുന്നു ഇയാളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. തുടർന്ന് സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കളാണ് പൊലീസിൽ പരാതി നൽകിയത് . ശേഷം ഇയാളുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ വ്യാജ പതിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന പരാതി പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ് പൊലീസിന് നൽകിയത്. കൊച്ചി ഇൻഫൊ പാർക്കിലെ സൈബർ സെല്ലിലാണ് ഷെരീഫ് മുഹമ്മദ് പരാതി നൽകിയത്. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് സിനിമയ്ക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നും പരാതിയിൽ പറയുന്നു. മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിർമ്മാതാക്കൾ പൊലീസിന് കൈമാറിയിരുന്നു.50 കോടിയിലധികം രൂപയാണ് ചിത്രം തീയേറ്ററുകളിൽ നിന്നായി വാരികൂട്ടിയത്. ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി മാർക്കോ തിയേറ്ററുകളിൽ തരംഗമായി മുന്നേറുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ആക്ഷൻ വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്‌ഷൻ ഡയറക്ടർ കലൈ കിങ്ങ്സനാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സൺ ഒരുക്കിയിരിക്കുന്നത്.