തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കാൻ ക്ലോവര്‍ ലീഫ് മോഡൽ നിര്‍മ്മിതിക്ക് ദേശീയ പാത അതോറിറ്റിയുടെ പച്ചക്കൊടി. സ്ഥലം ഏറ്റെടുക്കൽ ശുപാര്‍ശകൾ കൂടി പരിഗണിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്ക് അടുത്ത മന്ത്രിസഭായോഗം അംഗീകാരം നൽകും. മോഹവിലക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ശുപാര്‍ശയാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് നിന്ന് ബാലരാമപുരം വരെ നീളുന്ന ഭൂഗര്‍ഭ റെയിൽപാതക്കും പാരിസ്ഥിതിക സാമൂഹ്യ ആഘാത പഠനങ്ങൾ പൂര്‍ത്തിയാക്കി അംഗീകാരം ആയി.വിഴിഞ്ഞം തുറമുഖത്തു നിന്ന് കണ്ടെയ്നറുകൾ റോഡ് റെയിൽ മാര്‍ഗ്ഗം കൊണ്ടുപോകുന്നതിനും നാടിന്‍റെ വിവിധ മേഖലകളിൽ നിന്ന് വിഴിഞ്ഞം വഴിയുള്ള ചരക്ക് നീക്കം സാധ്യമാക്കുന്നതിനും ആണ് തിരക്കിട്ട ശ്രമങ്ങൾ നടക്കുന്നത്. തുറമുഖ പദ്ധതി പ്രദേശത്ത് നിന്ന് തിരുവനന്തപുരം-കന്യാകുമാരി ദേശീയ പാതയിലേക്കുള്ള കണക്റ്റിവിറ്റിയാണ് സർവീസ് റോഡ് കൊണ്ട് ലക്ഷ്യമിടുന്നത്. വിഴിഞ്ഞം-നാവായിക്കുളം റിംഗ് റോഡും സർവീസ് റോഡുമായി ബന്ധിപ്പിക്കുന്ന വിധത്തിലാണ് നിര്‍മ്മിതി. ദേശീയപാതയോട് ചേരുന്ന ഭാഗത്താണ് ഗതാഗതം സുഗമാക്കുന്നതിന് ക്ലോവര്‍ ലീഫ് മാതൃകയിൽ നിര്‍മ്മാണം നടത്തുന്നത്. തുറമുഖത്ത് നിന്നു ദേശീയ പാതയിലേക്കും റിംഗ് റോഡിലേക്കും പലവഴി ഗതാഗതം സുഗമമാക്കുന്നതാണ് ഈ മോഡൽ.കൊങ്കൺ റെയിൽ നൽകിയ പ്ലാനാണ് ഭൂഗര്‍ഭ റെയിൽപാതക്ക് ഏറെ അനുയോജ്യമെന്ന് കണ്ടെത്തിയാണ് തുടര്‍ നടപടി. 10.7 കിലോമീറ്റര്‍ റെയിൽ പാതയിൽ 9.2 കിലോമീറ്ററും നിലവിൽ റോഡിനടിയിൽ നിര്‍മ്മിക്കുന്ന തുരങ്കം വഴിയാണ്. ബാക്കി വരുന്ന 20 ശതമാനം പണികൾക്കായി 5.5 ഹെക്ടര്‍ ഏറ്റെടുക്കും. റെയിൽ റോഡ് കണക്റ്റിവിറ്റികൾ പൂര്‍ത്തിയാകാൻ എടുക്കുന്ന കാലതാമസം തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനും ബദൽ ക്രമീകരണങ്ങളുണ്ടാക്കുമെന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി അധികൃതര്‍ പറയുന്നത്. സര്‍വ്വീസ് റോഡ് സജ്ജമാക്കാനും ബാലരാമപുരം റെയിൽവെ സ്റ്റേഷനിൽ കണ്ടെയ്‌നര്‍ യാർഡ് സജ്ജമാക്കാൻ റെയിൽവെയെ സമീപിക്കാനും തീരുമാനം ആയിട്ടുണ്ട്.