കാക്കനാട് സ്വദേശിനിയായ റിട്ട. പ്രൊഫസറില്‍ നിന്നും 4.12 കോടി രൂപ വെര്‍ച്ചല്‍ അറസ്റ്റിലൂടെ തട്ടിയെടുത്ത കേസിലാണ് ബംഗാള്‍ സ്വദേശി ലിങ്കണ്‍ ബിശ്വാസ് എന്ന മുഖ്യപ്രതിയെ ബംഗ്ലാദേഷ് അതിര്‍ത്തി ഗ്രാമമായ കൃഷ്ണഗഞ്ചില്‍ നിന്നും അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് മുഹാസില്‍ കെ പി മിഷാബ് എന്നിവരടക്കം 15 പേരെ നവംബര്‍ മാസത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡല്‍ഹി പോലീസ് ചമഞ്ഞ് ഫോണില്‍ ബന്ധപ്പെട്ട് പ്രതികള്‍ വീട്ടമ്മയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ആരംഭിച്ച അക്കൗണ്ട് വഴി തട്ടിപ്പ് നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയത്. വീട്ടമ്മയെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് ഭീഷണിപ്പെടുത്തി പലതവണകളായി അക്കൗണ്ടിലെ തുക കൈക്കലാക്കിയിരുന്നു. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായ വീട്ടമ്മ ഒക്ടോബര്‍ 22ന് തൃക്കാക്കര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിക്കാരിയുടെ ഫോണ്‍ നമ്പറിലേക്ക് വന്ന ടെലഫോണ്‍ കോളുകളും വാട്സ് ആപ്പ് കോളുകളും ബാങ്ക് അക്കൗണ്ട് ട്രാന്‍സാക്ഷനുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതിയിലേക്ക് എത്താന്‍ കഴിഞ്ഞത്. പ്രതി സമാനരീതിയിലുള്ള തട്ടിപ്പ് നടത്തി അടുത്തകാലത്ത് ധാരാളം പണം സമ്പാദിച്ച് ആര്‍ഭാടജീവിതം നയിച്ചു വരികയായിരുന്നു. പ്രതിയില്‍ നിന്നും രണ്ടു മൊബൈല്‍ ഫോണുകളും പ്രതി 22ാം തീയ്യതി നിക്ഷേപിച്ച പണവും പ്രതിയുടെ മറ്റ് ബാങ്ക് അക്കൗണ്ടുകളിലായി സമീപകാലത്ത് നടത്തിയിട്ടുള്ള നിക്ഷേപങ്ങളും ഉള്‍പ്പെടെ 75 ലക്ഷം രൂപയും സൈബര്‍ പോലീസ് മരവിപ്പിച്ചിട്ടുണ്ട്. പ്രതിയെ കേരളത്തിലെത്തിച്ച് കാക്കനാട് കോടതിയില്‍ ഹാജരാക്കി.
നാനൂറിലധികം ബാങ്ക് അക്കൗണ്ടുകള്‍ കൈവശം വച്ച് രാജ്യമെമ്പാടും ശൃംഖലയുണ്ടാക്കി തട്ടിപ്പ് നടത്തിയിരുന്ന ഇയാള്‍ക്ക് രാജസ്ഥാന്‍, ഹരിയാന, മുംബൈ എന്നിവിടങ്ങളിലെല്ലാം സഹായികള്‍ ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. കൂടാതെ ലിങ്കന്‍ ബിശ്വാസിന് ചൈന, കമ്പോഡിയ എന്നീ രാജ്യങ്ങളിലെ തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്നും അവരുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും തെളിവുകള്‍ ലഭിച്ചു. ഇയാളുടെ തട്ടിപ്പിന് രാജ്യത്തെ പലയിടത്തുനിന്നും പരാതികള്‍ ഉണ്ടായിരുന്നെങ്കിലും അവയ്ക്കുപിന്നിലാരാണെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പണം പിന്‍വലിക്കുന്ന സ്ഥലങ്ങളിലെ ഫോണ്‍വിളി വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലദിത്യയുടെ മേല്‍നോട്ടത്തില്‍ സൈബര്‍ എസിപി എം. കെ മുരളിയുടെ നേതൃത്വത്തില്‍ സൈബര്‍ ക്രൈം സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി. ആര്‍. സന്തോഷ്, എസ്.ഐ ശ്യാംകുമാര്‍, എസ്.സിപിഓമാരായ ആര്‍ അരുണ്‍, അജിത് കുമാര്‍, നിഖില്‍ ജോര്‍ജ,് അരുണ്‍ ആര്‍, സിപിഓമാരായ ഷറഫുദ്ദീന്‍, ആല്‍ഫിറ്റ് ആന്‍ഡ്റൂസ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ ബംഗാളില്‍ നിന്നും പിടികൂടിയത്.