ബ്രിസ്ബേൻ: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നിര്‍ണായക ടോസ് ജയിച്ച ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു.മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിലെ പച്ചപ്പും പേസര്‍മാര്‍ക്ക് തുടക്കത്തില്‍ ആനുകൂല്യം നല്‍കുമെന്നതിനാലാണ് ബൗളിംഗ് തെരഞ്ഞെടുക്കുന്നതെന്ന് ഇന്ത്യൻ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. കളി പുരോഗമിക്കുന്തോറും ബാറ്റിംഗ് എളുപ്പാകുമെന്നാണ് കരുതുന്നതെന്ന് രോഹിത് പറഞ്ഞു.പരമ്പരയില്‍ തടര്‍ച്ചയായ മൂന്നാം ടെസ്റ്റിലാണ് ഇന്ത്യ ടോസ് നേടുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.അഡ്‌ലെയ്ഡ് ടെസ്റ്റ് കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പേസര്‍ ഹര്‍ഷിത് റാണക്ക് പകരം ആകാശ് ദീപ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ സ്പിന്നര്‍ ആര്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയും ടീമിലെത്തി. അഡ്‌ലെയ്ഡ് ടെസ്റ്റ് കളിച്ച ടീമില്‍ ഓസ്ട്രേലിയയും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പേസര്‍ സ്കോട് ബോളണ്ടിന് പകരം ജോഷ് ഹേസല്‍വുഡ് ഓസീസ് ടീമില്‍ തിരിച്ചെത്തി.അഞ്ച് മത്സര പരമ്പരയിൽ പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 295 റണ്‍സിന്‍റെ കൂറ്റന്‍ വിജയം നേടിയപ്പോള്‍ അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്ട്രേലിയ 10 വിക്കറ്റ് വിജയം നേടി. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നടന്ന ആറ് ടെസ്റ്റുകളിലും ബ്രിസ്ബേനില്‍ ടോസ് ജയിച്ച ടീം ബൗളിംഗ് തെരഞ്ഞെടുത്തപ്പോള്‍ അഞ്ചിലും ജയിച്ചിരുന്നു.
ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവൻ: ഉസ്മാൻ ഖവാജ,നഥാൻ മക്‌സ്വീനി,മാർനസ് ലാബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്‌സ് കാരി, പാറ്റ് കമ്മിൻസ്(ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസിൽവുഡ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, വിരാട് കോലി, റിഷഭ് പന്ത്, രോഹിത് ശർമ്മ(ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.