ശിവഗിരി തീർത്ഥാടനകാലത്തിന് ഭക്തിപൂർവമായ തുടക്കം

 ഗുരുദേവ ദർശനങ്ങൾ ഭാരതത്തിന്റെ അതിരും കടന്ന് ലോകരാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണെന്നും, ഗുരുദേവ ദർശനങ്ങളെക്കുറിച്ച് മാർപ്പാപ്പ പറഞ്ഞ നല്ല വാക്കുകൾ അതാണ് വെളിവാക്കുന്നതെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.

92 -ആമത് ശിവഗിരി തീർത്ഥാടന മഹാമഹത്തോടനുബന്ധിച്ച് ആരംഭിച്ച ആദ്ധ്യാത്മിക - സത്സംഗ പ്രഭാഷണ പരമ്പര- തീർത്ഥാടന കാലത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയിരുന്നു അദ്ദേഹം.
മാനവ ഹൃദയത്തിൽ നടക്കുന്ന മഹായുദ്ധങ്ങളെ തടയാനും മനസിനെ ശുദ്ധീകരിക്കാനുള്ള പോംവഴിയാണ് ഗുരുസന്ദേശങ്ങൾ. സാർവ്വലൗകികമായ ദർശനമാണ് ഗുരുദേവന്റേത്.

അതുകൊണ്ടാണ് ഗുരുദേവന്റെ നാമധേയത്തിൽ സംസ്ഥാന സർക്കാർ ഓപ്പൺ സർവകലാശാല ആരംഭിച്ചത്. ഇക്കാര്യം ചർച്ചചെയ്ത മന്ത്രിസഭയിൽ മുഖ്യമന്ത്രിയാണ് ഗുരു ദേവന്റെ പേരിൽ സർവകലാ ശാലയുടെ ആവശ്യകതയെപ്പറ്റി സംസാരിച്ചത്.
sivagiri-pilgrimage

ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി ഓരോ നിമിഷവും വർദ്ധിക്കുകയാണ്. ഗുരുദേവനുമായുള്ള സന്ദർശനം തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളായിരുന്നുവെന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വത്തിക്കാനിൽ നടന്ന സർവമത സമ്മേളനത്തിനും ചരിത്ര പ്രാധാന്യം കൈവന്നിരിക്കുകയാണ്. 92 വർഷങ്ങൾക്ക് മുൻപ് അഞ്ചുപേർ ചേർന്ന് ആരംഭിച്ച തീർത്ഥാടനം ഇപ്പോൾ 50 ലക്ഷത്തിലധികം പേർ എത്തിച്ചേരുന്ന മഹാതീർത്ഥാടനമായി മാറി. ജാതിമത ദേദമില്ലാതെയാണ് ജനങ്ങൾ ഇവിടേക്ക് ഒഴുകിയെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനായി.

സാമൂഹ്യ പരിഷ്‌കർത്താവും ദാർശനികനും മാത്രമല്ല, മഹാനായ രാഷ്ട്രമീമാംസകൻ കൂടിയാണ് ശ്രീനാരായണഗുരുവെന്ന് അദ്ദേഹം പറഞ്ഞു. ജാതിമത വ്യത്യാസങ്ങളിലല്ലാതെ ജീവിത വിജയത്തിന്റെ വിഷയങ്ങളാണ് അദ്ദേഹം ചർച്ച ചെയ്തത്. തീർത്ഥാടന ലക്ഷ്യങ്ങളായി മുന്നോട്ടുവച്ച അഷ്ട ലക്ഷ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം ബോദ്ധ്യപ്പെടും.

വിദ്യാഭ്യാസവും ശുചിത്വവും കഴിഞ്ഞാണ് അദ്ദേഹം ഈശ്വര ഭക്തിയെക്കുറിച്ച് പറഞ്ഞത്. ശാസ്ത്ര സങ്കേതികതയെക്കുറിച്ച് പഠിക്കണമെന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ അതാണ് ബോദ്ധ്യപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ധർമ്മ സംഘം ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി ധർമ്മാനന്ദ , ഗുരുധർമ്മ പ്രചരണ സഭ ജോയിന്റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ , മുനിസിപ്പൽ കൗൺസിലർമാരായ രാഖി,എസ് .സതീശൻ എന്നിവർ പങ്കെടുത്തു. ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി സ്വാഗതവും തീർത്ഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി നന്ദിയും പറഞ്ഞു.