പൂച്ചയെ വളര്‍ത്തുന്നുണ്ടോ? ജാഗ്രത വേണം, പക്ഷിപ്പനി പൂച്ചകളിലൂടെ മനുഷ്യരിലേക്ക് എത്തുമെന്ന് പഠനം; മുന്നറിയിപ്പേകി ശാസ്ത്രജ്ഞര്‍

വീട്ടിലെ വളര്‍ത്തുപൂച്ചകളോട് ഒത്തിരി അടുപ്പമുണ്ടോ? ശ്രദ്ധിക്കണം, വളര്‍ത്തുപൂച്ചകള്‍ പക്ഷിപ്പനിയുടെ വാഹകരായി മാറിയേക്കുമെന്ന് പുതിയൊരു പഠനം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി യുഎസിലെ 10 കോടിയിലധികം പക്ഷികളുടെ മരണത്തിന് കാരണമായിട്ടുള്ള എച്ച് 5 എന്‍ 1 എന്നറിയപ്പെടുന്ന ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സയുടെ വാഹകരായി പൂച്ചകളും മാറിയേക്കുമെന്ന് പഠനം. ടെയ്ലര്‍ ആന്റ് ഫ്രാന്‍സിസ് എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച ജേണലിലാണ് എച്ച്5എന്‍1-ന്റെ വകഭേദങ്ങള്‍ പൂച്ചകളിലൂടെ എളുപ്പം മനുഷ്യരിലേക്കും പകരാനിടയുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളത്.

കഴിഞ്ഞ ഏപ്രിലില്‍ സൗത്ത് ഡക്കോട്ടയിലെ ഒരു വീട്ടില്‍ 10 പൂച്ചകള്‍ ചത്തിരുന്നു. ഗവേഷകര്‍ ഈ പൂച്ചകളില്‍ നടത്തിയ പരിശോധനയിലാണ് പൂച്ചകള്‍ക്ക് ശ്വസന സംബന്ധമായും നാഡിസംബന്ധമായും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് കണ്ടെത്തിയത്.തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പൂച്ചകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തുകയും ഇതിന് 80 കിലോമീറ്റര്‍ അകലെയുള്ള പക്ഷി ഫാമിലെ വൈറസുകളുമായി സാമ്യതയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. കൂടാതെ പൂച്ചകളുടെ ശരീരത്തോട് ചേര്‍ന്ന് പക്ഷിത്തൂവലുകളും കണ്ടെത്തിയിരുന്നു. വൈറസ് സാന്നിധ്യമുള്ള പക്ഷികളെ പൂച്ചകള്‍ ഭക്ഷിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍.

പൂച്ചകളിലൂടെ ഈ വൈറസുകള്‍ മനുഷ്യരിലേക്ക് പകര്‍ന്നേക്കുമെന്നും പഠനം പറയുന്നു. 2008-ല്‍ പൊട്ടിപ്പുറപ്പെട്ട പക്ഷിപ്പനിയുടെ പ്രധാന വാഹകരായ പന്നികള്‍ക്ക് സമാനമായ തരത്തില്‍ പൂച്ചകളും വൈറസുകളെ സ്വീകരിക്കുമെന്നും മനുഷ്യരിലേക്കടക്കം പകര്‍ത്തുമെന്നുമാണ് വിവരം.