നടുറോഡിൽ കൊടും ക്രൂരത; കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ തീകൊളുത്തി കൊന്നു

കൊല്ലം: കൊല്ലം ചെമ്മാമുക്കില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. കാറിലെത്തിയ യുവതിയെ മറ്റൊരു കാറില്‍ പിന്തുടരുകയും വണ്ടി നിര്‍ത്തിച്ച് നടുറോഡില്‍ തീകൊളുത്തി കൊല്ലുകയുമായിരുന്നു. ചെമ്മാമുക്കിലാണ് സംഭവം.
കൊട്ടിയം തഴുത്തല സ്വദേശിനി അനിലയാണ് മരിച്ചത്. ഭര്‍ത്താവ് പത്മകുമാര്‍ പൊലീസ് കസ്റ്റഡിയിലാണ്. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെയും പെട്രോള്‍ ഒഴിച്ച് തീവെച്ചു. സോണിയെന്നയാളാണ് അനിലയ്‌ക്കൊപ്പം കാറിലുണ്ടായിരുന്നത്.
രാത്രി 9 മണിയോടെയാണ് സംഭവം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബേക്കറി നടത്തിവരികയാണ് അനില. അതേ ബേക്കറിയിലെ ജീവനക്കാരനാണ് സോണി. അനിലയേയും അനിലയുടെ സുഹൃത്തായ മറ്റൊരാളെയും ലക്ഷ്യമിട്ടാണ് പത്മരാജന്‍ ആക്രമണം നടത്തിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.
ഒമ്‌നി വാനിലെത്തിയ പത്മരാജന്‍ കാര്‍ നിര്‍ത്തിച്ച ശേഷം കയ്യില്‍ കരുതിയ പെട്രോള്‍ കാറിലേക്ക് ഒഴിക്കുകയും തീയിടുകയുമായിരുന്നു.