രാജ്യത്ത് ഇതാദ്യം, ഇനി കടലിനുമീതെ ഗ്ലാസ് ബ്രിഡ്ജിൽ നടക്കാം; കന്യാകുമാരി വിവേകാനന്ദപ്പാറയിൽ പുതിയ പാലം ഇന്ന് തുറക്കും

കന്യാകുമാരി: ഇനി കടലിനുമീതെ ഗ്ലാസ് ബ്രിഡ്ജിലൂടെ നടക്കാം. കന്യാകുമാരി വിവേകാനന്ദ പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിച്ച് തമിഴ്നാട് സർക്കാർ സ്ഥാപിച്ച ഗ്ലാസ് ബ്രിഡ്ജ് ഇന്ന് തുറക്കും. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തിങ്കളാഴ്ച വൈകീട്ട് 05:30നാണ് കണ്ണാടിപ്പാലം ഉദ്ഘാടനം ചെയ്യുക. 37 കോടി രൂപ ചെലവഴിച്ചാണ് ത്രിവേണി സംഗമത്തിൽ വിവേകാനന്ദ സ്മൃതിമണ്ഡപത്തേയും തമിഴ് പ്രാചീന കവി തിരുവള്ളുവരുടെ പ്രതിമയേയും ബന്ധിപ്പിക്കുന്ന പാലം നിർമിച്ചത്.വിവേകാനന്ദപ്പാറയിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് കടലിലെ കാലാവസ്ഥാ വ്യതിയാനം കാരണം തിരുവള്ളുവർ പ്രതിമയ്ക്ക് അരികിലേയ്ക്ക് പോകാൻ പലപ്പോഴും കഴിയാറുണ്ടായിരുന്നില്ല. കാലാവസ്ഥ മോശമാകുന്നതോടെ വിവേകാനന്ദപ്പാറയിലെ ബോട്ട് ജെട്ടിയിൽ നിന്നുള്ള ബോട്ട് സർവീസ് തടസ്സപ്പെടുന്നതുകൊണ്ടായിരുന്നു ഇത്. ഇതിന് പരിഹാരമായാണ് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത്.തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിൻ്റെ രജതജൂബിലി ആഘോഷത്തിൻ്റെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത്. തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിൻ്റെ രജതജൂബിലി ആഘോഷവും മുഖ്യമന്ത്രി ഉദ്ഘാടനം എംകെ സ്റ്റാലിൻ ചെയ്യും. തുടർന്ന് സാംസ്കാരിക സമ്മേളനം, കവിയരങ്ങ് എന്നിവയും നടക്കും. 37 കോടി രൂപ ചെലവിൽ തമിഴ്നാട് പൊതുമരാമത്ത് വകുപ്പാണ് പാലം നിർമിച്ചത്.പാലത്തിൻ്റെ മധ്യത്തിൽ കട്ടിയുള്ള കണ്ണാടി സ്ഥാപിച്ച് തൂക്കുപാലം മാതൃകയിലാണ് നിർമാണം. ചെന്നൈ ഐഐടി വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പാലം നിർമാണം പൂർത്തിയാക്കിയത്. 37 കോടി ചെലവിൽ പണിത കണ്ണാടിപ്പാലത്തിൻ്റെ നീളം 77 മീറ്ററും വീതി 10 മീറ്ററുമാണ്. ഇതിൽ രണ്ടര മീറ്റർ വീതിയിൽ കണ്ണാടിപ്പാത ഉണ്ടാകും.രാജ്യത്ത് ഇതാദ്യമായാണ് കടലിനുമീതെ കണ്ണാടിപ്പാലം നിർമിക്കുന്നത്. പാലം തുറക്കുന്നതോടെ വിവേകാനന്ദ പാറയിൽ നിന്ന് തിരുവള്ളുവർ പ്രതിമയിലേക്കു നടന്ന് എത്തിച്ചേരാൻ സാധിക്കും. മുകളിലൂടെ സന്ദർശകർ നടന്നുപോകുമ്പോൾ കടലിൻ്റെ സൗന്ദര്യം കാണുന്ന തരത്തിലാണ് പാലം.തിരുവള്ളുവർ പ്രതിമയുടെ സിൽവർ ജൂബിലി പരിപാടിയുടെ ആദ്യ ദിനമായ ഇന്ന് കന്യാകുമാരിയിലെത്തുന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വൈകിട്ട് 4:30ന് പൂമ്പുഹാർ ബോട്ട് ജെട്ടിയിലെത്തി അവിടെ സ്ഥാപിച്ചിരിക്കുന്ന മണൽ ശിൽപം സന്ദർശിക്കും. അതിനുശേഷം തിരുവള്ളുവർ വിഗ്രഹം സന്ദർശിച്ച് പുഷ്പാർച്ചന നടത്തും. നേരത്തെ പ്രധാനമന്ത്രി കന്യാകുമാരിയിൽ ധ്യാനത്തിനെത്തിയപ്പോൾ വിവേകാനന്ദ സ്മാരകത്തിൽ നിന്നു തിരുവള്ളുവർ പ്രതിമ സ്ഥാപിച്ച പാറയിലെത്താൻ താൽക്കാലിക നടപ്പാലം ഒരുക്കുകയായിരുന്നു.