*ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി*

ഇടുക്കി: കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി. കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബുവാണ് 
കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ 7.30ഓടെയാണ് സൊസൈറ്റിയിലെ പടിക്കെട്ടുകൾക്ക് സമീപം സാബുവിനെ തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. 

കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് സാബു. കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ 25 ലക്ഷത്തോളം രൂപ നിക്ഷേപിച്ചിരുന്നതായാണ് വിവരം. ഈ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് പ്രതിസന്ധിയിലായിരുന്നതിനാൽ മാസംതോറും നിശ്ചിത തുക നൽകാമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് തുക നൽകിയിരുന്നു. എന്നാൽ, ഇന്നലെ ഭാര്യയുടെ ചികിത്സാര്‍ത്ഥം കൂടുതൽ തുക ആവശ്യപ്പെട്ട് ബാങ്കിലെത്തിയിരുന്നു. തുടര്‍ന്ന് ജീവനക്കാരുമായി തര്‍ക്കമുണ്ടായി. 

മൃതദേഹത്തിൽ നിന്നും ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് ഉത്തരവാദി ബാങ്കാണെന്നും ഭാര്യയുടെ ചികിത്സക്ക് പണം ചോദിച്ചപ്പോള്‍ കിട്ടിയില്ലെന്നും തന്നെ അപമാനിച്ചെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.