കോന്നി വാഹനാപകടം: വിട പറയാനൊരുങ്ങി നാട്; മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന്

പത്തനംതിട്ട മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന് നടക്കും. ഈ കഴിഞ്ഞ ഞായറാഴ്ച്ചയാണ് നിഖിൽ മത്തായി, അനു ബിജു, ബിജു പി ജോർജ്, മത്തായി ഈപ്പൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേർ മരണമടഞ്ഞത്. ഇന്ന് ഉച്ചക്ക് 12:30ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കപള്ളി സെമിത്തേരിയിലാണ് സംസ്കാരം. രാവിലെ 8 മുതൽ 12 വരെ മൃതദേഹങ്ങൾ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും.

നേരത്തെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് നടപടികൾക്ക് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. രാവിലെ തന്നെ മൃതദേഹങ്ങൾ മോർച്ചറിയിൽ നിന്നും ഇരുഭവനങ്ങളിലും എത്തിച്ചു. ഇതിനു ശേഷമാണ് പള്ളിയിലേക്ക് കൊണ്ടുവരുക.തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മടങ്ങി വരവെയായിരുന്നു സംഭവം. ഡ്രൈവർ ഉറങ്ങിപ്പോയതിനാൽ കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ആന്ധ്രാ സ്വദേശികളായ തീർത്ഥാടകരുടെ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നവംബർ 30 നായിരുന്നു നിഖിലിന്‍റെയും അനുവിന്‍റെയും വിവാഹം. മലേഷ്യയിൽ നിന്ന് ഹണിമൂണിന് ശേഷം നാട്ടിൽ തിരികെയെത്തി വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് വരുമ്പോ‍ഴാണ് അപകടം നടന്നത്.