ഗുരുവായൂരമ്പല നടയിൽ കാളിദാസിനും താരിണിക്കും മംഗല്യം

ഗുരുവായൂര്‍: നടൻ കാളിദാസ് ജയറാമിന്‍റെയും തരിണിയുടെ വിവാഹം ഗുരുവായൂരില്‍ വച്ച് നടന്നു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഞായറാഴ്ച രാവിലെ നടന്ന വിവാഹത്തില്‍ പങ്കെടുത്തതത്. മലയാളികൾക്ക് കുട്ടിക്കാലം മുതലേ ഏറെ സുപരിചിതമായ മുഖമാണ് നടൻ കാളിദാസിന്റേത്. ജയറാം- പാർവതി താരദമ്പതികളുടെ മൂത്തപുത്രനായ കാളിദാസ്, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്‍റെ വീട് അപ്പൂന്‍റേയും തുടങ്ങി നിരവധി സിനിമകളിൽ ബാലതാരമായാണ് മലയാളികൾക്ക് മുന്നിലെത്തിയത്. ഇന്ന് മലയാളത്തിനൊപ്പം ഇതരഭാഷാ സിനിമകളിലും അഭിനേതാവായി കാളിദാസ് എത്തുന്നുണ്ട്. 

വിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീ വെഡ്ഡിം​ഗ് ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

കാളിദാസ് ജയറാം വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്ന നിലയിൽ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധനേടിയ ആളാണ് തരിണി കലിം​ഗരായർ. തങ്ങൾ പ്രണയത്തിലാണെന്ന് കാളിദാസ് അറിയിച്ചതിന് പിന്നാലെ ഇവരെ ചുറ്റിപ്പറ്റിയുള്ള വാർത്തകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 

ചെന്നൈയിലെ പ്രമുഖ കലിം​ഗരായർ കുടുംബത്തിൽ നിന്നുമുള്ള തരിണി മോഡലിങ് രം​ഗത്തെ താരമാണ്. ജമീന്ദാര്‍ കുടുംബമാണ് ഇവരുടേത്. പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം പ്രതിസന്ധികളും കഷ്ടപ്പാടുകളും നിറഞ്ഞ കുട്ടിക്കാലം ആയിരുന്നു തരിണിയുടേത്. അമ്മയായിരുന്നു എല്ലാത്തിനും ഒപ്പം നിന്നത്. ചെന്നൈയിലുള്ള ഭവന്‍സ് രാജാജി വിദ്യാശ്രമം സ്കൂളിൽ ആയിരുന്നു തരിണിയുടെ ആദ്യ വിദ്യാഭ്യാസം. പിന്നീട് എംഒപി വൈഷ്ണവ് കോളേജ് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടി. പഠിക്കുന്നതിനിടെ തന്നെ തരിണിയ്ക്ക് മോഡലിങ്ങിനോട് താല്പര്യം ഉണ്ടായിരുന്നു. അങ്ങനെ പതിനാറാമത്തെ വയസിൽ അവർ മോഡലിങ് ചെയ്തു. ഈ അവസരത്തിൽ തന്നെ സിനിമാ നിർമാണവും തരിണി പഠിച്ചു.