വിഎസ്‌എസ്‌സിയിലെ ശാസ്ത്രജ്ഞനും ഭാര്യക്കും നേരെ തിരുവനന്തപുരത്ത് ഗുണ്ടാ സംഘത്തിൻ്റെ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: വിഎസ്‌എസ്‌സിയിലെ ശാസ്ത്രജ്ഞനും ഭാര്യക്കും നേരെ ഗുണ്ടാ സംഘത്തിൻ്റെ ആക്രമണം. ഇന്നലെ രാത്രി 11 മണിക്ക് പുത്തൻതോപ്പ് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. ബിഹാർ പറ്റ്‌ന സ്വദേശി വികാസ് കുമാർ യാദവിനെയും ഭാര്യയെയുമാണ് ആക്രമിക്കപ്പെട്ടത്. കഠിനംകുളത്ത് നാട്ടുകാരെ വളർത്തുനായയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ ഗുണ്ട കമ്രാൻ സമീറിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമിച്ചത്. ശാസ്ത്രജ്ഞനും ഭാര്യയും സഞ്ചരിച്ചിരുന്ന കാറിനു നേരെ കല്ലെറിഞ്ഞ്, വാഹനം നിർത്തിച്ച ശേഷം മൂന്നംഗ സംഘം ഇരുവരെയും മർദ്ദിക്കുകയും കത്തി കൊണ്ട് കഴുത്തിലടക്കം പരുക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കമ്രാൻ സമീറിനെ കഠിനംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു.