ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം കനത്ത മഴയെന്ന് എംവിഡി ഉദ്യോഗസ്ഥൻ. കനത്ത മഴയിൽ കാർ ഡ്രൈവറുടെ കാഴ്ച മങ്ങിയതാകാം അപകട കാരണമെന്ന് സംശയിക്കുന്നതായി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. കാർ ബസിലേക്ക് വന്നിടിച്ചു കയറുകയായിരുന്നു.ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥികളായ അഞ്ചു പേരാണ് മരിച്ചത്. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ഒരാൾസംഭവസ്ഥലത്തും നാല് പേർആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ട യുവാക്കളെ പുറത്തെടുത്തത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. കളർകോട് ജംക്‌ഷനു സമീപമാണ് അപകടം നടന്നത്. ഏഴു പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ആലപ്പുഴ ചങ്ങനാശേരി ഭാഗത്ത് നിന്നും ആലപ്പുഴ ദേശീയപാത ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. രാത്രി 9.30ഓടെയാണ് അപകടം ഉണ്ടായത്. വൈറ്റിലയിൽ നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലേക്കാണ് കാർ ഇടിച്ചത്.മഴയുണ്ടായിരുന്നതിനാൽ കാർ തെന്നി നിയന്ത്രണ തെറ്റി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മധ്യഭാഗമാണ് ബസിൽ ഇടിച്ചത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ ഡ്രൈവർക്ക് പരുക്ക് ഗുരുതരമല്ല. അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. കെഎസ്ആർടിസി ബസിന്റെ മുൻഭാഗം തകർന്നു. ബസ് യാത്രക്കാർക്ക് പരുക്കേറ്റിട്ടില്ല.