കോടിയുടെ ബിഎംഡബ്ല്യു, തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ 'തീയും പുകയും'; നാട്ടുകാർ കണ്ടത് രക്ഷയായി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കവെ ഒരു കോടിയോളം വിലവരുന്ന ബി എം ഡബ്ല്യു ആഡംബര കാറിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി. പാപ്പനംകോട് - കിള്ളിപ്പാലം നാഷണൽ ഹൈവേ റോഡിൽ കരമന മാർക്കറ്റിന് സമീപം വെച്ചായിരുന്നു ബി എം ഡബ്ല്യുവിന് തീ പിടിച്ചത്. ഡ്രൈവർ സീറ്റിന്‍റെ പിൻവശത്തായി അടിഭാഗത്ത് നിന്ന് തീയും പുകയും വരുന്നത് നാട്ടുകാരാണ് കണ്ടത്. വാഹനം നിർത്തി തീയണക്കാൻ നാട്ടുകാർ ശ്രമിക്കവെ, സംഭവം അറിഞ്ഞ് ഫയർ ഫോഴ്സും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. ഹോസ് റീൽ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് തീ പൂർണ്ണമായി കെടുത്തി ബാറ്ററിയിൽ നിന്നുള്ള വൈദ്യുതി ലൈൻ കട്ട് ചെയ്ത് ഫയർ ഫോഴ്സ് അപകടം പൂർണമായും ഒഴിവാക്കി.കിള്ളിപ്പാലം പി ആർ എസ് ഹോസ്പിറ്റലിലെ ഡോക്ടർ കാർത്തിരാജിന്‍റെ ഫൈവ് സീരിയസ് KL 01 CG 9900 ബി എം ഡബ്ല്യു കാർ, ഡ്രൈവർ ഷമീർ ഓടിക്കവെയാണ് തീയും പുകയും ഉയർന്നത്. ഫയർ ഫോഴ്സിനൊപ്പം പൊലീസും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ഷാഫിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിജു ടി ഒ, സാജൻ സൈമൺ, പ്രവീൺ ഫയർ ആൻഡ് റെസ്ക്യൂ വുമൺ അശ്വിനി, ശ്രുതി, ഹോം ഗാർഡ് ശ്യാമളൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതായി ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു.