ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ; രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സംസ്കാരം നാളെ നടക്കും. അദ്ദേഹത്തിന്റെ മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. ഭൗതികശരീരം ദില്ലി ജൻപതിലെ വസതിയിൽ എത്തിച്ചു. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തും പൊതുദർശനം ഉണ്ടാകും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ അടക്കമുള്ള നേതാക്കൾ മൻമോഹൻ സിംഗിന്റെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും വസതിയിൽ മൻമോഹൻ സിംഗിന് അന്തിമോപചാരം അർപ്പിക്കും.



പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം നടത്തുക. മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. 2025 ജനുവരി മൂന്നിന് ആയിരിക്കും പുനരാരംഭിക്കുക.മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്തും ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക പരിപാടികൾ പാടില്ലയെന്നും ദേശീയ പതാക പകുതി താഴ്ത്തി കെട്ടണമെന്നും സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്തെ ജില്ലാ കലക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മന്‍മോഹന്‍ സിംഗിന്റെ അന്ത്യം. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്.