തലസ്ഥാനത്തിന്റെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആസൂത്രണം ചെയ്ത തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ തുടർ ചർച്ചയ്‌ക്ക് കേരളം. സമഗ്ര ഗതാഗത പദ്ധതിയും (സിഎംപി), ഓൾട്ടർനേറ്റ് അനാലിസിസ് റിപ്പോർട്ടും (എഎആർ) തയ്യാറായി. കേന്ദ്ര നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടർ 22ന് തിരുവനന്തപുരത്ത് എത്തുമ്പോൾ ഇക്കാര്യത്തിൽ ചർച്ചയുണ്ടായേക്കും. പദ്ധതിയുടെ നടത്തിപ്പു ചുമതലയുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) പുതുക്കിയ റൂട്ടും അലൈൻമെന്റും തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ ഇതിന് അംഗീകാരം ലഭിച്ചിട്ടില്ല.
കഴക്കൂട്ടം ടെക്‌നോപാർക്കിന് മുന്നിൽനിന്ന് മെട്രോ ആരംഭിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇതുപ്രകാരം മെട്രോ റെയിലിന്റെ ഒന്നാം ഘട്ടം *ടെക്നോപാർക്ക് മുതൽ പുത്തരിക്കണ്ടം* വരെയാകണം. ടെക്‌നോപാർക്ക് -–-കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ് –-- ഉള്ളൂർ –-- മെഡിക്കൽ കോളേജ് –-- മുറിഞ്ഞപാലം - –-പട്ടം - –-പിഎംജി - –-നിയമസഭയ്ക്കു മുന്നിലൂടെ പാളയം - –-ബേക്കറി ജങ്‌ഷൻ–-- തമ്പാനൂർ സെൻട്രൽ ബസ് ഡിപ്പോ–- - തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ - –-പുത്തരിക്കണ്ടം മൈതാനം എന്നതാണ് വിഭാവനം ചെയ്യുന്ന റൂട്ട്. നിലവിലെ ഒന്നാം ഘട്ടം അവസാനിക്കുന്നത് കിള്ളിപ്പാലത്താണ്. പാളയത്തുനിന്ന് കുടപ്പനക്കുന്ന് വരെയുള്ള റൂട്ടിലേക്ക് രണ്ടാം ഘട്ടം നിർമിക്കുന്നതിന്റെ സാധ്യതകളും പരിശോധിച്ചേക്കും.