മഴയൊഴിയാതെ ഗാബ; ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന്റെ ആദ്യദിനം ഉപേക്ഷിച്ചു

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം മഴ കളിച്ചു. ​ഗാബ ടെസ്റ്റിൽ 13.2 ഓവര്‍ മാത്രമാണ് ഇന്ന് പന്തെറിയാൻ കഴിഞ്ഞത്. മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തില്‍ ആദ്യ ദിനത്തെ മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്ന് ആദ്യ ദിവസത്തെ ഒന്നാം സെഷനിൽ തന്നെ മത്സരം നിർത്തിവെക്കേണ്ടിവന്നിരുന്നു.ഗാബയിൽ ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസീസ് സ്‌കോര്‍ 19 റണ്‍സായിരിക്കെയാണ് ആദ്യം മഴ വില്ലനായി എത്തിയത്. പിന്നാലെ താത്കാലികമായി നിര്‍ത്തിവെച്ച മത്സരം മഴ മാറിയതോടെ പുനഃരാരംഭിച്ചു. 13.2 ഓവറില്‍ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് രസംകൊല്ലിയായി വീണ്ടും മഴയെത്തിയത്. പിന്നീട് മത്സരം തുടരാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.ഓപണർമാരായ ഉസ്മാൻ ഖവാജ (19), നഥാൻ മക്സ്വീനി (4) എന്നിവരാണ് ക്രീസിൽ. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇപ്പോൾ 1–1 എന്ന നിലയിലായതിനാൽ ഇരുടീമുകൾക്കും ഈ മത്സരം നിർണായകമാണ്.


അഡലെയ്ഡിലെ രണ്ടാം ടെസ്റ്റിലെ ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഗാബയില്‍ ഇറങ്ങിയത്. രവിചന്ദ്രന്‍ അശ്വിനും ഹര്‍ഷിത് റാണയ്ക്കും പകരം ജഡേജയും ആകാശ് ദീപ് സിങ്ങും ടീമില്‍ തിരിച്ചെത്തി. അതേസമയം ഒരു മാറ്റവുമായാണ് ഓസീസ് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങിയത്. സ്‌കോട്ട് ബോളണ്ടിന് പകരം ജോഷ് ഹേസല്‍വുഡ് ഇലവനിലേയ്ക്ക് തിരിച്ചെത്തി.