റായ്പൂർ: മന്ത്രവാദിയുടെ വാക്ക് കേട്ട് ജീവനോടെ കോഴിയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലെ ചിന്ദ്‌കലോ ഗ്രാമവാസിയായ ആനന്ദ് യാദവ് എന്ന യുവാവാണ് മരിച്ചത്. മന്ത്രവാദിയുടെ വാക്കു കേട്ട് കുട്ടികളുണ്ടാകാനായി ജീവനുള്ള കോഴിക്കുഞ്ഞിനെ 35 കാരനായ യുവാവ് വിഴുങ്ങുകയായിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും കുട്ടികൾ ഉണ്ടായിരുന്നില്ല. വിവധ പൂജകളും മന്ത്രവാദുമൊക്കെ നടത്തി ഒടുവിൽ മന്ത്രവാദിയുടെ നിർദ്ദേശത്തെ തുടർന്ന് ആനന്ദ് യാദവ് ജീവനുള്ള കോഴിക്കുഞ്ഞിനെ അകത്താക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗനം.കഴിഞ്ഞ ദിവസം വീട്ടിൽ വെച്ച് ആനന്ദ് കുഴഞ്ഞ് വീഴുകയായിരുന്നു. കുളികഴിഞ്ഞ് വീട്ടിലെത്തിയ യുവാവിന് തലകറങ്ങുകയും പിന്നാലെ ബോധംകെട്ട് വീഴുകയായിരുന്നു. ഉടനെ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് യുവാവിന്‍റെ ശരീരത്തിനുള്ളിൽ കോഴിക്കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മന്ത്രവാദിയുടെ നിർദ്ദേശത്തെ തുടർന്ന് യുവാവ് കോഴിയെ വിഴുങ്ങിയ വിവരം പുറത്തറിയുന്നത്.
ഏകദേശം 20 സെന്‍റിമീറ്റർ വലുപ്പമുള്ള കോഴിക്കുഞ്ഞിനെയാണ് കണ്ടെത്തിയത്. താൻ ഇതുവരെ 1500 ഓളം പോസ്റ്റ്‌മോർട്ടങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇത്രയും കാലത്തിനിടക്ക് ഇങ്ങനെ ഒരു സംഭവം ആദ്യമാണെന്നുമാണ് യുവാവിന്‍റെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ സന്തു ബാഗ് പറഞ്ഞത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവുമായി അടുപ്പമുള്ള ഗ്രാമത്തിലെ മന്ത്രവാദിയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.