32 മാർക്കിന്റെ ചോദ്യങ്ങൾ എം.എസ് സൊല്യൂഷൻസിന്റെ ക്ലാസിൽ; ഇന്ന് നടന്ന പത്താംക്ലാസ് കെമസ്ട്രി ചോദ്യപേപ്പറും ചോർന്നതായി സംശയം

ഇന്ന് നടന്ന പത്താംക്ലാസ് കെമസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നതായി സംശയം. നാൽപ്പതിൽ 32 മാർക്കിന്റെ ചോദ്യങ്ങളും എം.എസ് സൊല്യൂഷൻസിന്റെ ഇന്നലത്തെ ക്ലാസിലേതെന്ന് സ്കൂൾ അധ്യാപകർ പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന സ്ഥാപനമാണ് എംഎസ് സൊലൂഷൻസ്. ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങളാണ് ചോർന്നിരിക്കുന്നത്.ഇന്നലെ എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയ്ക്കുള്ള സാധ്യത ചോദ്യങ്ങൾ സംബന്ധിച്ച് ക്ലസ് നടന്നിരുന്നു. എട്ടു മണിയോടെയാണ് സിഇഒ ഷുഹൈബാണ് ലൈവ് വീഡിയോയുമായി ചാനലിൽ എത്തിയത്. 1500 രൂപ നൽകിയാൽ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ അം​ഗമാകാമെന്ന് ലൈവിൽ അറിയിച്ചിരുന്നു. തുടർന്ന് വാട്സ്ആപ്പ് ​ഗ്രൂപ്പ് സജീവമായിരുന്നു. ഈ വാട്സ്ആപ്പ് ​​ഗ്രൂപ്പിലാണ് ചോദ്യപേപ്പർ കൂടുതലായി ചർച്ച ചെയ്തത്. ഇതിൽ ചർച്ച ചെയ്തതിൽ 32 മാർക്കിനുള്ള ചോദ്യങ്ങൾ‌ പരീക്ഷയിൽ ഉണ്ടായിരുന്നു.വിഷയത്തിൽ കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് സൂരജ് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകുമെന്ന് വ്യക്തമാക്കി. ചെയ്യാത്ത കുറ്റത്തിനാണ് ആരോപണം നേരിടുന്നത് എന്ന് ഇന്നലത്തെ ലൈവിൽ ഷുഹൈബ് പറഞ്ഞിരുന്നു. ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ആരോപണ വിധേയനായ എംഎസ് സോല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വന്ന സാധ്യതാ ചോദ്യങ്ങൾ നോക്കിയാണ് വീഡിയോ തയ്യാറാക്കിയതെന്നാണ് ആരോപണവിധേയനായ അധ്യാപകൻ പറയുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും അധ്യാപകൻ പറഞ്ഞു.ക്രിസ്മസ് ചോദ്യപേപ്പർ ചോർത്തി യൂട്യൂബ് ലേണിംഗ് പ്ലാറ്റഫോമിൽ ട്യൂഷൻ കൊടുത്ത കേസിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. എംഎസ് സൊല്യൂഷൻ സ്ഥാപനത്തിനെതിരെ കേസെടുക്കുന്നതിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം തീരുമാനം. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടങ്ങി. എസ്.എസ്.എൽ.സി. ഇംഗ്ലീഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നിരുന്നത്.