പമ്പയിലെ ജലനിരപ്പ് 24 മണിക്കൂറും ജലസേചന വകുപ്പ് നിരീക്ഷിക്കും. ഇന്നലെ വൈകിട്ടും സന്നിധാനത്ത് ശക്തമായ മഴ പെയ്തു. മഴയുടെ അളവ് അറിയുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴ മാപിനികളൊരുക്കിയിട്ടുണ്ട്. ഉൾവനത്തിലെ മഴയുടെ അളവ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മനസ്സിലാക്കും. മഴ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലും നീരൊഴുക്ക് വർധിച്ചാലും ആവശ്യമെങ്കിൽ പമ്പയിൽ സ്‌നാനത്തിനു നിയന്ത്രണം ഏർപ്പെടുത്തും. പമ്പാ നദിയിൽ മിന്നൽപ്രളയ സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടുന്നതിനായി പ്രത്യേക കർമപദ്ധതി വിവിധ വകുപ്പുകളുടെ സംയുക്തയോഗം ചേർന്നു തയാറാക്കി.
ഡോളി സർവീസിനു പ്രീപെയ്ഡ്
ഡോളി സർവീസിനു പ്രീപെയ്ഡ് സംവിധാനം ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. പമ്പ, നീലിമല, വലിയ നടപ്പന്തൽ എന്നിവിടങ്ങളിലാകും സർവീസ് സെന്റർ. ഇവിടെ നേരിട്ടോ ഓൺലൈൻ ആയോ പണം അടയ്ക്കാം. 80 കിലോ വരെ 4000 രൂപ, 100 കിലോ വരെ 5000 രൂപ, 100 കിലോയ്ക്ക് മേലെ 6000 രൂപ എന്നിങ്ങനെ നിരക്ക് ഏർപ്പെടുത്താനാണ് ആലോചന. ഓരോ സർവീസിനും 250 രൂപ വീതം അധികമായി ദേവസ്വം ബോർഡ് ഈടാക്കും.