2025 ജനുവരി 1 മുതൽ ലോകം പുതിയൊരു തലമുറയെ വരവേൽക്കുന്നു. ‘ജനറേഷൻ ബീറ്റ’ എന്നറിയപ്പെടുന്ന ഈ പുത്തൻ തലമുറ Gen Z (1996-2010), മില്ലേനിയൽസ് (1981-1996) എന്നിവയ്ക്ക് ശേഷം വന്ന Gen Alpha (2010-2024 ന് ഇടയിൽ ജനിച്ചവർ) യുടെ പിൻഗാമിയാണ്. 2025 മുതൽ 2039 വരെ ജനിക്കുന്ന കുട്ടികളെ ഉൾക്കൊള്ളുന്ന ജനറേഷൻ ബീറ്റ 2035-ഓടെ ലോകജനസംഖ്യയുടെ 16 ശതമാനം വരുമെന്നാണ് സാമൂഹിക ഗവേഷകനായ മാർക്ക് മക്രിൻഡിലിന്റെ പഠനം. അതായത് 22-ാം നൂറ്റാണ്ടിലെ ലോകത്തെ രൂപപ്പെടുത്തുന്നതിൽ ഈ തലമുറക്കാർക്ക് നിർണായകമായ പങ്ക് വഹിക്കാനാകും. മനുഷ്യ ചരിത്രത്തിലെ പുതിയ യുഗങ്ങളെ സൂചിപ്പിക്കാൻ ഗ്രീക്ക് അക്ഷരമാലയിൽ നിന്ന് പേരുകൾ എടുക്കാനാണ് പതിവ് ഇത് ജനറേഷൻ ആൽഫയിൽ തുടങ്ങി ജനറേഷൻ ബീറ്റ വരെ എത്തിനിൽക്കുകയാണ്. [The world welcomes ‘Generation Beta].ജനറേഷൻ ബീറ്റയുടെ പ്രത്യേകത ഡിജിറ്റൽ ലോകത്തിൽ ജനിച്ചു വളരുന്ന ഇവർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി തുടങ്ങിയ സങ്കേതവിദ്യകളുമായി അടുത്ത ബന്ധം പുലർത്തുമെന്നതാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വെർച്വൽ റിയാലിറ്റി, ഇൻ്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ആക്‌സസ് ചെയ്യാനും അവയിൽ പ്രാവീണ്യം നേടാനും ജനറേഷൻ ബീറ്റയ്ക്ക് കൂടുതൽ അവസരങ്ങളുണ്ട്.സ്മാർട്ട് ടെക്‌നോളജിയുടെയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെയും ഉയർച്ച ഇതിന് മുൻപുള്ള ആൽഫ ജനറേഷൻ അനുഭവിച്ചിട്ടുണ്ടെങ്കിലും എഐ ,ഓട്ടോമേഷൻ എന്നിവ ദൈനംദിന ജീവിതത്തിലും വിദ്യാഭ്യാസത്തിലും ജോലിസ്ഥലങ്ങളിലും ആരോഗ്യ സംരക്ഷണത്തിനും വിനോദത്തിനും പൂർണ്ണമായി ഉൾപ്പെടുത്തുന്ന ഒരു കാലഘട്ടം ജനറേഷൻ ബീറ്റ തന്നെയായിരിക്കും. ജനറേഷൻ ബീറ്റ ആരോഗ്യ സംരക്ഷണത്തിലും സാങ്കേതിക വിദ്യയിലും പുരോഗതി കൈവരിക്കുന്നതോടെ ഈ കാലയളവിൽ ജനിക്കുന്ന പല കുട്ടികൾക്കും കൂടുതൽ ആയുസ്സ് ഉണ്ടാകും.സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് ഇവർ നേതൃത്വം നൽകുമെന്നാണ് പഠനങ്ങൾ. ജനറേഷൻ ബീറ്റയുടെ ഉദയം,മനുഷ്യരാശിയുടെ ഭാവിക്ക് വലിയ പ്രതീക്ഷകൾ നൽകുന്ന ഒന്നാണ്. കാലാവസ്ഥാ വ്യതിയാനം, ആഗോള ജനസംഖ്യാ വ്യതിയാനം, ദ്രുതഗതിയിലുള്ള നഗരവൽക്കരണം എന്നീ പ്രശ്നങ്ങൾ കാര്യമായി തന്നെ ജനറേഷൻ ബീറ്റ ജീവിതത്തിൽ നേരിടേണ്ടി വരും അതോടൊപ്പം 21-ാം നൂറ്റാണ്ടിലെ പാരിസ്ഥിതിക ആശങ്കകൾക്ക് പരിഹാരം കണ്ടെത്താനുള്ള ചുമതലയും ജനറേഷൻ ബീറ്റയുടേതാണ്.