19,000 കാറുകള്‍ പരിശോധിച്ചു; വടകരയില്‍ ഒന്‍പതുകാരിയെ ഇടിച്ചിട്ട കാര്‍ കണ്ടെത്തി

കോഴിക്കോട് വടകരയിൽ ഒമ്പതു വയസ്സുകാരിയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ സംഭവത്തിൽ അപകടമുണ്ടാക്കിയ കാർ കണ്ടെത്തി. വടകര പുറമേരി സ്വദേശി ഷജീലിന്റേതാണ് കാറെന്നും ഇയാൾ വിദേശത്തേക്ക് കടന്നതായും കോഴിക്കോട് റൂറൽ എസ്പി പി. നിധിൻ രാജ് പറഞ്ഞു. വാഹനാപകടത്തെ തുടർന്ന് ആറുമാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കോമയിൽ കഴിയുകയാണ് കണ്ണൂർ താഴെ ചൊവ്വ സ്വദേശികളായ സുധീറിൻറെയും സ്മിതയുടെയും മകൾ ദൃഷാന.പത്തുമാസത്തിന് ശേഷമാണ് അന്വേഷണസംഘം കാര്‍ കണ്ടെത്തിയത്. ഈ വർഷം ഫെബ്രുവരി 17ന് ബസ്സിറങ്ങി റോഡ് മുറിച്ച് കടക്കുമ്പോഴാണ് അമിത വേഗതയിലെത്തിയ കാർ ദൃഷാനയേയും മുത്തശ്ശി ബേബിയേയും ഇടിച്ച് തെറിപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞത്. ബേബി സംഭവസ്ഥലത്തുവച്ച് തന്ന മരിക്കുകയും ദൃഷാനയ്ക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ദേശീയ പാതയിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സ്വിഫ്റ്റ് കാറാണെന്ന് കണ്ടെത്തിയെങ്കിലും കാറിന്റെ നമ്പർ കണ്ടെത്താനായിട്ടില്ലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്.