കുളിക്കാൻ മടിയാണോ.. വിഷമിക്കണ്ട.. മനുഷ്യനെ 15 മിനിറ്റുകൊണ്ട് കഴുകിയുണക്കും.. മെഷീൻ അവതരിപ്പിച്ച് ജപ്പാൻ

വസ്ത്രങ്ങൾ അലക്കി ഉണക്കാൻ പലരീതിയിലുള്ള വാഷിങ് മെഷീൻ ലോകത്ത് എത്തിക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ‌ ശ്രദ്ധപിടിച്ചുപറ്റുന്നത് ജപ്പാൻ ഒരുക്കിയ വാഷ്ങ് മെഷീനാണ്. തുണികൾക്ക് പകരം മനുഷ്യനെയാണ് ഈ മെഷീൻ കഴുകിയുണക്കുക.വെറും 15 മിനിറ്റ് കൊണ്ട് മനുഷ്യനെ കഴുകിയുണക്കി തരും ഈ വാഷിങ് മെഷീൻ. മിറായ് നിങ്കേൻ സെന്റകുകി എന്നാണ് മെഷീന്റെ പേര്.നിർമിത ബുദ്ധ ഉപയോ​ഗിച്ചാണ് മിറായ് നിങ്കേൻ സെന്റകുകി പ്രവർത്തിക്കുന്നത്. മനുഷ്യനെ വൃത്തിയാക്കാനായി വാട്ടർജെറ്റുകളും മൈക്രോസ്‌കോപിക് എയർ ബബിളുകളുമാണ് ഉപയോഗിക്കുന്നത്. ഓരോരുത്തരുടെ ശരീര പ്രകൃതിക്ക് അനുസരിച്ചാണ് ഇതിന്റെ പ്രവർത്തനം. ഒസാക്ക ആസ്ഥാനമായുള്ള ഷവർഹെഡ് കമ്പനിയായ സയൻസ് കോയാണ് ഇതിന് പിന്നിൽ. ഒരു യുദ്ധവിമാനത്തിൻ്റെ പോഡ് അല്ലെങ്കിൽ കോക്ക്പിറ്റ് പോലെ തോന്നിക്കുന്ന ഫ്യൂച്ചറിസ്റ്റിക് മെഷീൻ ഉടൻ ജപ്പാനിലെ ഒസാക്ക കൻസായി എക്‌സ്‌പോയിൽ പ്രദർശിപ്പിക്കും.

ചെറുചൂടുള്ള വെള്ളം പോഡിൽ പകുതിയോളം നിറഞ്ഞിരിക്കും. ഇതിലേക്ക് നമ്മൾ കയറിക്കഴിഞ്ഞാൽ. ഹൈസ്പീഡ് വട്ടർ ജെറ്റുകൾ മൈക്രോസ്‌കോപിക് ബബിളുകൾ പുറപ്പെടുവിക്കും. ഇത് ശരീരത്തിലെ അഴുക്കുകളെ ഇളക്കുന്നു. ഇതിനിടയിൽ‌ എഐ നിരീക്ഷണം നടത്തി വെള്ളത്തിന്റെ ചൂട് ഉൾപ്പെടെ നിയന്ത്രിക്കും.

മാനസികാരോഗ്യത്തിലും യന്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിങ്ങളുടെ വൈകാരികാവസ്ഥ വിശകലനം ചെയ്യുകയും ആശ്വസിപ്പിക്കാനും വിശ്രമിക്കാനും പോഡിൻ്റെ ഉള്ളിൽ ദൃശ്യങ്ങൾ പ്രൊജക്‌റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. മെഷീൻ ഉടൻ ജപ്പാനിലെ ഒസാക്ക കൻസായി എക്‌സ്‌പോയിൽ പ്രദർശിപ്പിക്കും. ഇവിടെവെച്ച് 1,000 പേർക്ക് നേരിട്ട് യന്ത്രത്തിന്റെ പ്രവർത്തനം അനുഭവിച്ചറിയാൻ സാധിക്കും. പരീക്ഷണത്തിന് ശേഷം കൂടുതൽ മെഷീനുകൾ ഉല്പാദിപ്പിക്കും. ഹോം യൂസ് എഡിഷൻ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.