വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: കണ്ടെയ്നർ നീക്കം രണ്ടുലക്ഷം കടന്നു; ഇതുവരെ എത്തിയത് 102 കപ്പലുകൾ

വികസന തീരത്ത് മുന്നേറ്റം തുടർന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. തുറമുഖത്തെ കണ്ടെയ്നർ നീക്കം രണ്ടുലക്ഷം കടന്നു. ജൂലൈ 11ന് ട്രയൽ റൺ തുടങ്ങിയത് മുതൽ ഇതുവരെ 102 കപ്പലുകൾ വിഴിഞ്ഞത്ത് എത്തി. ഡിസംബർ മൂന്ന് മുതൽ വാണിജ്യാടിസ്ഥാനത്തിലാണ് വിഴിഞ്ഞം തുറമുഖം പ്രവർത്തിക്കുന്നത്. 22 ദിവസത്തിനുള്ളിൽ 30 കപ്പലുകളാണ് തീരത്ത് എത്തിയത്.

അടുത്ത മാസം വാണിജ്യ ഓപ്പറേഷൻ ഉദ്ഘാടനം കൂടി കഴിയുന്നതോടെ കൂടുതൽ കപ്പലുകൾ തുറമുഖത്ത് എത്തും. ക്രിസ്മസ് ദിനത്തിലെത്തിയ 100-ാമത്തെ കപ്പലിനെ വിഴിഞ്ഞം ഇന്റർ നാഷണൽ സീപോർട്ട് ലിമിറ്റഡ് എംഡി ദിവ്യ എസ് അയ്യറിൻ്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.നിലവിൽ ഏഴോളം കപ്പലുകൾ വിവിധ തുറമുഖങ്ങളിൽ നിന്നായി വിഴിഞ്ഞത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രണ്ടാഴ്‌ച മുമ്പ് തുറമുഖത്തിന് ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്ത് ചേർത്ത് ‘INTRV’എന്ന പുതിയ ലൊക്കേഷൻ കോഡ് ലഭിച്ചു. ഇത് അംഗരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണവും ഏകീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കും. നിർമാണം നടത്തുന്ന അദാനി പോർട്‌സിന് 524.85 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. കൂടുതൽ കപ്പലുകൾ അടുക്കുന്നതോടെ തുറമുഖം കൂടുതൽ സജീവമാകും.