മരിച്ചുവെന്ന് ഉറപ്പിച്ചയാള്‍ ചിതയിലേക്ക് വച്ചപ്പോള്‍ ഉണര്‍ന്നു. രാജസ്ഥാനിലെ ജുനുജുനു ജില്ലയിലാണ് സംഭവം. ഷെല്‍ട്ടര്‍ ഹോമില്‍ താമസിക്കുന്ന അന്ധനും ബധിരനുമായ രോഹിതാഷ് കുമാറാണ് ശവസംസ്‌കാരത്തിന് തൊട്ടുമുന്നേ ഉണര്‍ന്നത്. ഇയാളെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണിയാള്‍. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് രോഹിതാഷിനെ ജുന്‍ജുനുവിലെ ബിഡികെ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയോടെ മരിച്ചതായി അറിയിച്ച ഡോക്ടര്‍മാര്‍ ഇയാളെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം സംസ്‌കാരത്തിനായി ശ്മശാനത്തിലേയ്ക്ക് കൊണ്ടുപോയി. മൃതദേഹം ചിതയില്‍ വെച്ച സമയത്ത് പെട്ടെന്ന് ഇയാള്‍ ഉണര്‍ന്നു. ശ്വാസം മുട്ടിയപ്പോഴാണ് കണ്ണു തുറന്നതെന്നാണ് രോഹിതാഷ് പറയുന്നത്.
ഇയാളെ പരിശോധിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു. ഡോ. യോഗേഷ് ജാഖര്‍, ഡോ.നവനീത് മീല്‍, ഡോ.സന്ദീപ് പച്ചാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ രൂപീകരിക്കാന്‍ മെഡിക്കല്‍ വകുപ്പ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ഡോ.മീണ പറഞ്ഞു.