ട്രെയിനില്‍ നിന്നു വീണ് യുവതി മരിച്ചു.

വടകര: ട്രെയിനില്‍ നിന്നു വീണ് യുവതി മരിച്ചു. ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപമാണ് വീണത്. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്‌ സ്വദേശി ജിന്‍സി(26) യാണ് മരിച്ചത്. കണ്ണൂരില്‍ നിന്നും അച്ഛനും അമ്മയ്ക്കുമൊപ്പം കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസില്‍ വീട്ടിലേക്ക് വരുന്നതിനിടെ പുലർച്ചെ 6ഓടെയാണ് അപകടം.

ഇരിങ്ങൽ ഗേറ്റിന് സമീപം ട്രെയിന്‍ എത്തിയപ്പോള്‍ ശുചിമുറിയില്‍ പോകാനായി സീറ്റില്‍ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു. ഇതിനിടെയാണ് ട്രെയിനില്‍ നിന്നും വീണത്. പയ്യോളി പൊലീസിൻ്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം വടകര ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അച്ഛന്റെയും അമ്മയുടെയും കൂടെ കണ്ണൂരിലെ സുഹൃത്തിനെ സന്ദർശിച്ചു തിരികെ വീട്ടിലേക്കു വരുമ്പോഴായിരുന്നു അപകടമുണ്ടായത്. അമ്മ ഗിരിജ. സഹോദരി ലിൻസി.