മുംബൈ ടെസ്റ്റിലും ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ന്യൂസിലൻഡ്, രാഹുലിന് ഇടമില്ല, ഇന്ത്യൻ ടീമിൽ ഒരു മാറ്റം

മുംബൈ: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. പൂനെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. പരിക്കേറ്റ മിച്ചല്‍ സാന്‍റ്‌നര്‍ക്ക് പകരം ഇഷ് സോധിയും ടിം സൗത്തിക്ക് പകരം മാറ്റ് ഹെന്‍റിയും കീവിസിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. പൂനെ ടെസ്റ്റില്‍ കളിച്ച ഇന്ത്യൻ ടീമില്‍ ഒരു മാറ്റം മാത്രമാണുള്ളത്. പേസര്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചപ്പോള്‍ മുഹമ്മദ് സിറാജ് പ്ലേയിംഗ് ഇലവനിലെത്തി. രണ്ടാം ടെസ്റ്റില്‍ നിരാശപ്പെടുത്തിയ സര്‍ഫറാസ് ഖാന് പകരം കെ എല്‍ രാഹുല്‍ പ്ലേയിംഗ് ഇലവനിലെത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഹോം ഗ്രൗണ്ടില്‍ സര്‍ഫറാസിനെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തി.ആദ്യ രണ്ട് ടെസ്റ്റിലും തോറ്റ്, പരമ്പര കൈവിട്ടാണ് രോഹിത് ശർമ്മയും സംഘവും വാംഖഡേയിൽ ന്യൂസിലൻഡിനെ നേരിടുന്നത്. മൂന്ന് ടെസ്റ്റിലും ജയിക്കുകയെന്ന ചരിത്രനേട്ടത്തിൽ നിന്ന് കിവീസിനെ തടയുന്നതിനൊപ്പം, ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗാവസ്കർ ട്രോഫിക്ക് മുൻപ് വിജയവഴിയിലെത്തി ആത്മവിശ്വാസം വീണ്ടെടുക്കണം ഇന്ത്യക്ക്.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ്പട്ടികയിലെ ഒന്നാംസ്ഥാനം നിലനിർത്താനും ഇന്ത്യക്ക് മുംബൈയിൽ ജയം അനിവാര്യമാണ്. വിരാട് കോലിയും ക്യാപ്റ്റൻ രോഹിത് ശര്‍മയുമടക്കമുള്ള ബാറ്റർമാരുടെ മങ്ങിയ പ്രകടനമാണ് ഇന്ത്യയുടെ പ്രതിസന്ധി.ആദ്യ രണ്ട് ദിവസം പേസിനെയും തുട‍ർന്നുള്ള ദിവസങ്ങളിൽ സ്പിന്നിനെയും തുണയ്ക്കുന്ന വിക്കറ്റായിരിക്കും വാംഖഡേയിലേത് എന്നാണ് കരുതുന്നത്.

ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൻ: ടോം ലാഥം, ഡെവൺ കോൺവേ, വിൽ യങ്, റാച്ചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടെൽ, ഗ്ലെൻ ഫിലിപ്‌സ്, ഇഷ് സോധി, മാറ്റ് ഹെൻറി, അജാസ് പട്ടേൽ, വില്യം ഒറോർക്ക്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, റിഷഭ് പന്ത്, സർഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.