അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍; വിജയപ്രതീക്ഷയിൽ കമലയും ട്രംപും

പെൻസിൽവാനിയ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം. വിജയ പ്രതീക്ഷയിലാണ് കമല ഹാരിസും ഡൊണാൾഡ് ട്രംപും. സ്വിങ് സ്‌റ്റേറ്റ്‌സ് കേന്ദ്രീകരിച്ചാണ് ഇരുവരുടെയും പ്രചാരണം. ബൈഡൻ ഭരണകാലത്ത് സാമ്പത്തിക നില തകർന്നുവെന്ന് ട്രംപ് ആരോപിക്കുമ്പോൾ ജീവിതച്ചെലവ് കുറയ്ക്കാൻ പ്രവർത്തിക്കുമെന്നാണ് കമലയുടെ വാദം. അവസാനഘട്ട അഭിപ്രായ സർവേകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് വ്യക്തമാകുന്നത്. പെൻസിൽവാനിയയിലാണ് കമല ഹാരിസ് അവസാനഘട്ട പ്രചാരണം നടത്തിയത്.
പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ സംസാരിച്ച ട്രംപ്, ഈ തിരഞ്ഞെടുപ്പ് ബലഹീനതയും ശക്തിയും തമ്മിലുള്ളതാണെന്നാണ് വിശേഷിപ്പിച്ചത്. 'കഴിഞ്ഞ നാല് വർഷമായി, അമേരിക്കക്കാർക്ക് ഒന്നിനുപുറകെ ഒന്നായി പരാജയവും വിശ്വാസവഞ്ചനയും അപമാനവുമാണ് ഉണ്ടായത്', അദ്ദേഹം പറഞ്ഞു. താൻ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.24 കോടി പേർക്കാണ് ഇക്കുറി തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്. ഏഴ് കോടിയിലധികം പേർ ഇതുവരെ ഏർളി വോട്ടിംഗ്, പോസ്റ്റൽ സംവിധാനങ്ങളിലൂടെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ ചുമതലയാണ് അമേരിക്കയിലെ തിരഞ്ഞെടുപ്പ്. ഇവിഎം മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പർ സംവിധാനത്തിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 18 വയസിന് മുകളിലുള്ളവർക്കാണ് അമേരിക്കയിലും വോട്ടവകാശം. കൈമുദ്ര പതിപ്പിച്ച ബാലറ്റ് പേപ്പർ വോട്ടിംഗ് തന്നെയാണ് അമേരിക്കയിൽ ഏറെ പ്രചാരമുള്ള വോട്ടിംഗ് സംവിധാനം.കണക്കുകളനുസരിച്ച് 69.9% പേരും ഈ സംവിധാനം ഉപയോഗിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നത്. ബാലറ്റ് മാർക്കിംഗ് ഡിവൈസസ് സംവിധാനം ഉപയോഗപ്പെടുത്തുന്ന പേപ്പർ ബാലറ്റുകളാണ് 25.1% പേരും ഉപയോഗിക്കുന്നത്. ഡയറക്ട് റെക്കോർഡിംഗ് ഇലക്ട്രോണിക് സംവിധാനമാണ് മൂന്നാമത്തെ രീതി. ഒപ്റ്റിക്കൽ സ്‌കാനറുകൾ വഴിയാണ് പേപ്പർ ബാലറ്റുകൾ എണ്ണി തിട്ടപ്പെടുത്തുന്നത്. ശേഷം കമ്പ്യൂട്ടർ ഉപയോഗിച്ച് അന്തിമ പട്ടിക തയ്യാറാക്കും. അന്തിമ പട്ടിക പൂർത്തിയായാലും ഫലം സ്വയം പരിശോധിക്കാൻ അതാത് സംസ്ഥാനങ്ങൾക്ക് സമയം നൽകും. ഭൂരിപക്ഷത്തെ അടിസ്ഥാനമാക്കി വോട്ടുകൾ വീണ്ടും എണ്ണാനുള്ള സാധ്യതയിലേക്ക് സംസ്ഥാനങ്ങൾ കടക്കും