പാലക്കാട് ഇന്ന് കൊട്ടിക്കലാശം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ഇന്ന് പരസ്യപ്രചരണത്തിന് കൊട്ടികലാശം. വൈകിട്ട് മൂന്ന് മണിയോടെ മുന്നണികള്‍ കൊട്ടിക്കലാശവുമായി നഗരത്തിലേക്ക് ഇറങ്ങും. സ്റ്റേഡിയം സ്റ്റാന്‍ഡിന് മുന്‍വശത്തുള്ള ജംഗ്ഷനിലാണ് കൊട്ടിക്കലാശം നടക്കുക. നിരവധി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയിട്ടുള്ള ശക്തി പ്രകടനങ്ങളായിരിക്കും നഗരവീഥിയില്‍ കാണാന്‍ കഴിയുക.

ഇരുപത്തിയേഴ് ദിവസം നീണ്ടുനുന്ന പ്രചാരണമാണ് ഇന്ന് കൊട്ടിക്കലാശത്തോടെ അവസാനിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍, എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. പി സരിന്‍ എന്നിവര്‍ തമ്മിലാണ് മത്സരം. എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചു.സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും എല്ലാ വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിക്കണെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്കുള്ള വോട്ടിങ് ഇന്ന് പൂര്‍ത്തിയാകും. നവംബര്‍ 16, 17, 18 തീയതികളില്‍ പാലക്കാട് ആര്‍ഡിഒ ക്വാര്‍ട്ടേഴ്‌സിലായിരുന്നു വോട്ടെടുപ്പ്.

ബുധനാഴ്ചയാണ് വോട്ടെടുപ്പ്.