തിരുവനന്തപുരം: തിരുവനന്തപുരം മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്‍റ് മുണ്ടേല മോഹനനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ കാട്ടാക്കട അമ്പൂരി തേക്കുപാറയിലെ സ്വന്തം റിസോര്‍ട്ടിന് പുറകിലാണ് മോഹനനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മോഹനന്‍റെ ഉടമസ്ഥതയിൽ രണ്ട് റിസോര്‍ട്ടുകളാണ് ഇവിടെയുള്ളത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വെള്ളറട പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും.നിക്ഷേപകർക്ക് പണം തിരികെ കൊടുക്കാത്തതിനാൽ കോൺഗ്രസ് ഭരിച്ചിരുന്ന മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണസംഘത്തിൽ ഏറെ നാളായി പ്രതിഷേധമുണ്ടായിരുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ അന്വേഷണത്തിൽ 34 കോടിയുടെ തിരിമറി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. കേസുകളെ തുടർന്ന് മോഹനൻ ഒളിവിലായിരുന്നു. പ്രാദേശിക കോൺഗ്രസ് നേതാവുകൂടിയാണ് മോഹനൻ.