സ്കൂൾ കായികമേള അലങ്കോലമാക്കാന്‍ നീക്കം, മൂന്നംഗ സമിതി അന്വേഷിക്കും; രണ്ട് സ്കൂളുകളോടും വിശദീകരണം തേടും

സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ഉള്ള ശ്രമം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം.പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി എം ഐ മീനാംബിക, ജോയിന്റ് സെക്രട്ടറി ബിജു കുമാർ ബി ടി, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ തുടങ്ങിയവരാണ് സമിതി അംഗങ്ങൾ.രണ്ടാഴ്ചക്കകം സമിതി റിപ്പോർട്ട് സമർപ്പിക്കണം.
തിരുനാവായ നാവാ മുകുന്ദ, കോതമംഗലം മാർ ബേസിൽ എന്നീ സ്കൂളുകളോട് വിശദീകരണം തേടാനും തീരുമാനിച്ചു. മേളയിൽ സ്പോർട്സ് സ്കൂളുകളും ജനറൽ സ്കൂളുകളും ഒരുമിച്ച് മത്സരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മികച്ച സ്‌കൂളിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉയർന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് പഠനം നടത്തി ഒരു പ്രൊപ്പോസൽ തയ്യാറാക്കാൻ കായികരംഗത്തെ വിദഗ്ധർ അടങ്ങുന്ന സമിതിയെ നിയോഗിക്കും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ മാന്വൽ പരിഷ്കരണം അടക്കം നടത്താനും യോഗം തീരുമാനിച്ചു.