മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്‍ അക്ഷരത്തെറ്റുകള്‍; തിരിച്ചുവാങ്ങാന്‍ നിര്‍ദേശം നല്‍കി ഡിജിപി

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്‍ നിറയെ അക്ഷരത്തെറ്റുകള്‍. ഇതിനെ തുടര്‍ന്ന് മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ ഡിജിപി നിര്‍ദേശം നല്‍കി. മെഡല്‍ സ്വീകരിച്ച പൊലീസുകാരാണ് അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയത്.

മെഡലുകളില്‍ മുഖ്യമന്ത്രിയുടെ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ’ എന്നാണ് രേഖപ്പെടുത്തിയത്. പൊലീസ് മെഡല്‍ എന്നത് തെറ്റായി ‘പോലസ് മെഡന്‍’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മെഡല്‍ ജേതാക്കളായ പൊലീസുകാര്‍ ഇത്തരം അക്ഷരത്തെറ്റുകള്‍ കണ്ടെതിനെ തുടര്‍ന്ന് മേലധികാരികളോട് വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ഡിജിപി വിഷയത്തില്‍ ഇടപെട്ട് എത്രയും പെട്ടെന്ന് മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം നല്‍കി. കൂടാതെ, അക്ഷരത്തെറ്റുകള്‍ തിരുത്തി പുതിയ മെഡലുകള്‍ നല്‍കാന്‍ മെഡലുകള്‍ നിര്‍മിക്കാന്‍ കരാറെടുത്ത സ്ഥാപനത്തോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.