ശിവഗിരി : ലോക കത്തോലിക്കാസഭയുടെ പരമാധികാരസ്ഥാനവും ക്രിസ്തുദേവന്‍റെ ചൈതന്യവും നിറഞ്ഞു നില്‍ക്കുന്നതുമായ വത്തിക്കാനില്‍ ശിവഗിരി മഠത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ലോകമത പാര്‍ലമെന്‍റില്‍ പങ്കെടുക്കുന്നതി നായി യാത്ര തിരിച്ചശിവഗിരി മഠത്തിലെ സംന്യാസി ശ്രേഷ്ഠര്‍ക്ക് മഹാസമാധിയില്‍ ഭക്തിനിര്‍ഭര യാത്രഅയപ്പ് നല്‍കി. ശ്രീനാരായണ ഗുരുദേവദര്‍ശനത്തിന് ആഗോളതല പ്രചാരം സൃഷ്ടിക്കുന്നതില്‍ പുതിയൊരദ്ധ്യായം രചിക്കുകയാണ് വത്തിക്കാനിലെ ലോകമത പാര്‍ലമെന്‍റിലൂടെ ലക്ഷ്യമാക്കുന്നതെന്നും വത്തിക്കാനില്‍ ഇദംപ്രഥമമായി ഈവിധ സമ്മേളനം നടത്തുവാന്‍ കഴിയുന്നതില്‍ ലോകമെമ്പാടുമുള്ള പ്രസ്ഥാനങ്ങളും ഗുരുഭക്തരും അഭിമാനത്തിലും ആഹ്ലാദത്തിലുമാണെന്നും യാത്ര അയപ്പ് വേളയില്‍ ഭക്തജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു.
ധര്‍മ്മസംഘം ട്രഷറര്‍ സ്വാമി ശാരദാനന്ദ സ്വാമികളുടെ നേതൃത്വത്തില്‍ മഹാസമാധിയില്‍ സംന്യാസിശ്രേഷ്ഠരും ബ്രഹ്മചാരികളും മഠം ജീവനക്കാരും അന്തേവാസികളും ഭക്തജനങ്ങളും ശിവഗിരി മഠം ശാഖാസ്ഥാപനമായ മെഡിക്കല്‍ മിഷന്‍ ആശുപത്രി ജീവനക്കാരും, ഗുരുദേവന്‍ സ്ഥാപിച്ച സ്കൂളിലെ ജീവനക്കാരും വര്‍ക്കലയിലെ പൗരപ്രമുഖരും മാധ്യമ പ്രവര്‍ത്തകരും ഗുരുധര്‍മ്മപ്രചരണസഭയുടേയും മാതൃസഭയുടേയും പ്രവര്‍ത്തകരും എസ്.എന്‍.ഡി.പി. ശാഖാ ഭാരവാഹികളും ഉള്‍പ്പെടെ അനവധി പേര്‍ യാത്ര അയപ്പില്‍ പങ്കെടുത്തു.
ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുന്‍ ട്രഷറര്‍ സ്വാമി വിശാലാനന്ദ, ഗുരുധര്‍മ്മപ്രചരണ സഭാസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ഹംസതീര്‍ത്ഥ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ, സ്വാമിനി ആര്യനന്ദാദേവി എന്നിവരാണ് ശിവഗിരി മഠത്തെ പ്രതിനിധീകരിക്കുന്നത്.