ഡ്രൈവിംഗ് പഠനം ഓരോരുത്തരുടേയും സ്വഭാവരീതിയ്ക്കനുസരിച്ച് വ്യത്യസ്തമായ തരത്തിലുമായിരിക്കും. നൈപുണ്യം ആർജ്ജിക്കുന്നത് ഓരോത്തരും വ്യത്യസ്ത കാലപരിധിയിലായിരിക്കും.
അതിന് കാരണം വ്യത്യസ്ത മനോനിലയാണ്. മനോനില നിശ്ചയിയ്ക്കപ്പെടുന്നത് ഓരോരുത്തരുടേയും അടിസ്ഥാന സ്വഭാവരീതിയക്കനുസൃതമായിട്ടായിരിക്കുകയും ചെയ്യും.
മനോനിലയെ അലോസരപ്പെടുത്തുന്ന സാഹചര്യങ്ങളിലൂടെ പ്രതിസന്ധികളിലൂടെ സമചിത്തതയോടെ വാഹനത്തെ ചലിപ്പിക്കുന്ന പ്രവൃത്തിയാണ് ഡ്രൈവിംഗ് എന്നത്. നമ്മുടെ മനോനില തകർക്കുന്ന പരീക്ഷകളുടെ പരീക്ഷണങ്ങളുടെ തിരമാലയിൽ ഉലയാതെ സൂക്ഷിക്കേണ്ട ഒരു ഭഗീരഥപ്രയത്നമാണ് ഓരോ ഡ്രൈവിംഗും.
റോഡിലെ ചെറിയ തെറ്റു കുറ്റങ്ങൾ പോലും വലിയ വാഗ്വാദങ്ങളിലേയ്ക്കും ഇതുവരെ കാണാത്ത ഒരാളുമായി പകയും വിദ്വേഷവും ഉണ്ടാവുകയും ഒരു പക്ഷെ ഒരു കൊലപാതകത്തിൽ കലാശിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്.
ഡ്രൈവിംഗിൽ ഉണ്ടായ പലവിധ 'ശല്യങ്ങൾ' നമ്മളിൽ ഒരു ആക്രമണസ്വഭാവം ജനിപ്പിക്കാൻ, അധികരിക്കാൻ കാരണമാകാറുമുണ്ടെന്ന കാര്യം മറക്കാതിരിക്കുക
വഴിയിൽ വാഹനങ്ങൾ തമ്മിൽ ഉരസലോ തട്ടലോ പരിക്കോ ഉണ്ടായാൽ താഴെ പറയുംവിധം മുൻഗണനാക്രമത്തിൽ സാഹചര്യത്തെ സമചിത്തതയോടെ കൈകാര്യം ചെയ്യുക
1) ആദ്യം പരിക്കേറ്റവർക്ക് അടിയന്തിരി ചികിത്സ ഉറപ്പാക്കുക
2) മറ്റു വാഹനങ്ങൾക്കോ നമുക്ക് തന്നേയോ അപകടകരമല്ലാത്ത വിധം സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറി നിൽക്കുക
3) മറ്റു വാഹനങ്ങളുടെ സുഗമമായ ഗതാഗതത്തിന് തടസ്സമാകാത്തവിധം സ്ഥാനം ക്രമീകരിക്കുക
4) വാഹനസംബന്ധമായ കഷ്ടനഷ്ടങ്ങൾക്കും മറ്റു നഷ്ടങ്ങൾക്കും നിയമപരമായ സഹായം തേടുക
നമുക്കൊന്നായി നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാം.