സരിനെതിരെ കടുത്ത വിമർശനം
പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി സരിനെതിരെ കടുത്ത വിമർശനവും പുസ്തകത്തിൽ ഇപി ഉന്നയിക്കുന്നു. പി. സരിൻ അവസര വാദിയാണ്. സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണം. ഇ എം എസ് തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. പിവി അൻവറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപി സരിന്റെ സ്ഥാനാർത്ഥിത്വത്തെ വിമർശിക്കുന്നത്.
ദേശാഭിമാനി ബോണ്ട് വിവാദം
ദേശാഭിമാനി ബോണ്ട് വിവാദവും ഇപി പുസ്തകത്തിൽ പരാമർശിക്കുന്നു. വിവാദ വ്യവസായി സാന്റിയാഗോ മാർട്ടിനുമായി ഞാൻ ഒരു ചർച്ചയും നടത്തിയില്ല. ചർച്ച ചെയ്തത് മാർക്കറ്റിംഗ് മേധാവി വേണുഗോപാലായിരുന്നു.
സെക്രട്ടറിയേറ്റ് തീരുമാനം അനുസരിച്ചാണ് ബോണ്ടായി 2 കോടി മുൻകൂർ വാങ്ങിയത്. പക്ഷേ പ്രശ്നം വഷളാക്കിയത് അന്ന് പാർട്ടിക്കുളളിൽ നിലനിവന്ന വിഭാഗീയതയാണ്. വി എസ് അച്യുതാനന്ദൻ ഇത് ആയുധമാക്കി.
മരിക്കും വരെ സിപിഎം
താൻ മരിക്കും വരെ സിപിഎം ആയിരിക്കുമെന്നും പാർട്ടി വിടുമെന്ന് സ്വപ്നം കണ്ടാൽ ഞാൻ മരിച്ചുവെന്നർത്ഥമെന്നും ഇപി പുസ്തകത്തിൽ പരാമർശിക്കുന്നു. ഡിസി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന 'കത്തിപ്പടരാൻ കട്ടൻ ചായയും പരിപ്പ് വടയും' എന്ന പുസ്തകത്തിലെ പരാമർശങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.
താൻ എഴുതിയ പുസ്‌തകമല്ല, ഡി സി ബുക്സിനെതിരെ നിയമ നടപടി: ഇ പി ജയരാജൻ
എന്നാൽ പുസ്തകത്തിലെ വെളിപ്പെടുത്തലെന്ന നിലയിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ തള്ളി. തികച്ചും അടിസ്ഥാന രഹിതമാണ്. പുസ്തകം താൻ എഴുതി തീർന്നിട്ടില്ല. ഡി സി ബുക്സും മാതൃഭൂമിയും പ്രസിദ്ധീകരിക്കാൻ താത്പര്യം അറിയിച്ചിരുന്നു. താനതിൻ്റെ അനുമതി ആർക്കും കൊടുത്തിട്ടില്ല. ബോധപൂർവം ഉണ്ടാക്കിയ കഥയാണ്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ കാര്യം എങ്ങനെയാണ് ആത്മകഥയിൽ എഴുതുക? താൻ എഴുതാത്ത കാര്യം തൻ്റേത് എന്ന് പറഞ്ഞ് കൊടുക്കുകയാണ്. താൻ ഒരാൾക്കും ഒന്നും കൈമാറിയിട്ടില്ല. താനെഴുതിയതിലൊന്നും ഇക്കാര്യങ്ങളില്ല. താൻ എഴുതിയിട്ട് ടൈപ്പ് ചെയ്യാൻ കൊടുക്കുകയായിരുന്നു. ആ പുസ്തകത്തിൻ്റെ ആദ്യ ഭാഗം എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ല. എൻ്റെ ജീവചരിത്രവും രാഷ്ട്രീയ ചരിത്രവുമാണ് എഴുതുന്നത്. താനിപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന ഭാഗമേ എനിക്ക് അറിയൂ. താനിതിൽ നിയമ നടപടി സ്വീകരിക്കുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇ പി ജയരാജൻ പറഞ്ഞു.