ഓട്ടോ മീറ്ററിൽ വൻതട്ടിപ്പ്; റീഡിംഗ് റോക്കറ്റുപോലെ കുതിക്കും!വില്ലൻ ചുവന്ന ഡോട്ട്, രക്ഷപ്പെടാൻ ഒറ്റവഴി മാത്രം!

നിങ്ങൾ സഞ്ചരിക്കുന്ന ഓട്ടോറിക്ഷ അമിത നിരക്ക് ഈടാക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടോ ? ഓട്ടോറിക്ഷയിൽ സ്ഥാപിച്ചിട്ടുള്ള മീറ്റർ ശരിയായ തുക കാണിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാൻ സാധിക്കുമോ? യാത്രാനിരക്ക് അന്യായമായി വർധിപ്പിക്കാൻ മീറ്ററിൽ കൃത്രിമം കാണിച്ച് ഒരു ഓട്ടോറിക്ഷാ ഡ്രൈവർ വിനോദസഞ്ചാരികളെ ചൂഷണം ചെയ്യുന്ന ഒരു സംഭവം അടുത്തിടെ മുംബൈയിൽ നിന്നും വൈറലായിരുന്നു.
ഇപ്പോഴിതാ ഓട്ടോറിക്ഷകളിലെ മീറ്റർ തട്ടിപ്പ് തിരിച്ചറിയാൻ സാധിക്കുമെന്ന് പറയുകയാണ് മുംബൈ ട്രാഫിക് പോലീസ്. ഒരു ഓട്ടോറിക്ഷാ മീറ്ററിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിനെക്കുറിച്ച് മുംബൈ ട്രാഫിക് പോലീസ് ഒരു പൊതു ബോധവൽക്കരണ വീഡിയോ സൃഷ്‍ടിച്ചിട്ടുണ്ട്. യാത്രക്കാർക്ക് എങ്ങനെ കേടായ മീറ്ററുകൾ തിരിച്ചറിയാമെന്നും അത്തരം വഞ്ചനാപരമായ രീതികളിൽ വീഴുന്നത് ഒഴിവാക്കാമെന്നും ഈ വീഡിയോ കാണിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിലെ ഒരു പോസ്റ്റിൽ മുംബൈ ട്രാഫിക് പോലീസ് ഇങ്ങനെ എഴുതി, “നിങ്ങളുടെ ഓട്ടോറിക്ഷാ ബിൽ എങ്ങനെയാണ് പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? റോക്കറ്റ് സയൻസ് അല്ല ഇത്. ഓട്ടോ റിക്ഷാ മീറ്റർ തകരാറാണോ അല്ലയോ എന്ന് തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്ന ഒരു ലളിതമായ ഗൈഡ് ഇതാ. തെറ്റായ മീറ്ററുകളെ കുറിച്ച് അറിഞ്ഞിരിക്കുക, തിരിച്ചറിയുക, പരാതിപ്പെടുക." മുംബൈ ട്രാഫിക് പോലീസിൻ്റെ വക്കോല ട്രാഫിക് പോലീസ് ഡിവിഷനാണ് ഈ ബോധവൽക്കരണ വീഡിയോ സൃഷ്‍ടച്ചതെന്ന് ഇക്കണോമിക്ക് ടൈംസ് വെൽത്ത് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

ഓട്ടോകളിൽ ഘടിപ്പിച്ച മീറ്ററുകൾ എങ്ങനെ തിരിച്ചറിയാം? 
വീഡിയോയിൽ, ഒരു മുംബൈ പോലീസ് ഉദ്യോഗസ്ഥൻ മീറ്ററിൻ്റെ സമഗ്രത പരിശോധിക്കുന്നതിനുള്ള ഒരു ലളിതമായ രീതി വിശദീകരിക്കുന്നു. ഉദ്യോഗസ്ഥൻ മീറ്ററിലെ ഒരു പ്രത്യേക "മിന്നിമറയുന്ന പോയിൻ്റിലേക്ക്" ചൂണ്ടിക്കാണിക്കുന്നു. അതായത് ഒരു മീറ്ററിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ, അവസാനത്തെ മീറ്ററിലെ രണ്ട് ദശാംശ സ്ഥാനങ്ങൾക്ക് തൊട്ടുപുറകെ മീറ്ററിൻ്റെ വലതുവശത്ത് ഒരു ചെറിയ ചുവന്ന ഡോട്ട് ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് പോലീസ് എക്‌സിൽ പറയുന്നു. ഒരു മീറ്ററിൽ കൃത്രിമം ചെയ്‍തിട്ടുണ്ടെങ്കിൽ, ഈ ഒരു ചെറിയ ചുവന്ന ഡോട്ട് മിന്നിമറയും. മീറ്ററില്‍ കൃത്രിമം നടന്നില്ലെങ്കില്‍ ഈ ചെറിയ ഡോട്ട് ഉണ്ടാവില്ല. അതായത് ഹാൻഡിൽ ബട്ടൺ ഓഫാക്കിയതിന് ശേഷവും ഈ മിന്നുന്ന ലൈറ്റ് തുടരുകയാണെങ്കിൽ, അത് കൃത്രിമ മീറ്ററിനെ സൂചിപ്പിക്കുന്നു എന്ന് ഉറപ്പിക്കാം.

മീറ്ററുകൾ തകരാറിലായതിനാൽ ഓട്ടോ ഡ്രൈവർമാരാൽ കബളിപ്പിക്കപ്പെടുന്നതായി യാത്രക്കാരിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഈ തട്ടിപ്പുകാരെ പിടികൂടുക എന്ന ലക്ഷ്യത്തോടെ അന്വേഷണ വിഭാഗം രൂപീകരിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. സാധാരണ യാത്രക്കാർക്ക്, മീറ്ററിൽ കൃത്രിമത്വം തോന്നിയാൽപ്പോലും, ഇത് ഉറപ്പായും അറിയാൻ മാർഗമില്ലെന്നും അതിനാൽ, ഈ ബോധവൽക്കരണ വീഡിയോയിലൂടെ, ഒരു മീറ്റർ കൃത്രിമമാണോ അല്ലയോ എന്ന് ആളുകൾക്ക് എങ്ങനെ തിരിച്ചറിയാമെന്നും തുടർന്ന് പോലീസിൽ പരാതി നൽകാമെന്ന് വ്യക്തമാക്കുന്നതായും പൊലീസ് പറയുന്നു. 

പ്രാദേശിക നഗര നിരക്കുകളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്ത മുംബൈക്ക് പുറത്ത് നിന്നുള്ള ആളുകളെയാണ് ഈ തട്ടിപ്പ് ഓട്ടോ ഡ്രൈവർമാർ ലക്ഷ്യമിടുന്നതെന്നാണ് പൊലീസ് പറയുന്നത്. അന്ധേരിക്ക് ചുറ്റുമുള്ള എയർപോർട്ട് ഏരിയയിലാണ് (സാന്താക്രൂസ്, എയർപോർട്ട് ടി1) ഈ തട്ടിപ്പ് മീറ്റർ സംഘം കൂടുതലും സജീവം. മുംബൈ പോലീസിൻ്റെ കൂടുതൽ അന്വേഷണത്തിനായിപിടികൂടിയ ഓട്ടോ ഡ്രൈവർക്കെതിരെ വൈൽ പാർലെ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.