ജന്മദിനത്തിൽ പിക്കപ്പ് വാൻ ബൈക്കിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ജന്മദിനത്തിൽ പിക്ക്അപ്പ് വാൻ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. തേവലക്കര പാലയ്ക്കൽ കാട്ടയ്യത്ത് വീട്ടിൽ ഷിഹാബുദ്ദീന്റെയും സജീദയുടയുമ മകൻ അൽത്താഫ് (19) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് മാരാരിത്തോട്ടം ചാമ്പക്കടവ് റോഡിൽ എസ്എൻവി എൽപിഎസ് ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. വൈകിട്ട് സുഹൃത്തുക്കളും ബന്ധുക്കളും അൽത്താഫിന്റെ ജൻമദിനം ആഘോഷിക്കാനിരിക്കയാണ് മരണ വാർത്ത അവരെ തേടി എത്തിയത്.

അൽത്താഫും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറുകയായിരുന്നു. സുഹൃത്ത് കുലശേഖരപുരം സ്വദേശി നിഹാർ(18) ഗുരുതരമായി പരിക്കേറ്റ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കരുനാഗപ്പള്ളി ഐഎച്ച്ആർഡി പോളിടെക്വനിക് കോളേജിലെ വിദ്യാർത്ഥികളായ ഇരുവരും വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമാ നമസ്കാരത്തിനായി പള്ളിയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. നാല് ദിശയിൽ നിന്നും റോഡ് സന്ധിക്കുന്ന ജംഗ്ഷനിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു പിക്കപ്പ് വാൻ ബൈക്കിലേക്ക് വന്നിടിച്ചത്. അൽത്താഫിനെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.