ബെംഗളൂരു: ക്ഷേത്രത്തിന് മുന്നിലെ വിഗ്രഹം തകര്‍ത്ത വിദ്യാര്‍ത്ഥി അറസ്റ്റില്‍. മൂന്നാം തവണയും എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റതില്‍ പ്രകോപിതനായ 17-കാരനാണ് ക്ഷേത്രത്തിന് മുന്നിലെ വിഗ്രഹം തകര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ഈസ്റ്റ് ബെംഗളൂരുവിലെ തിപ്പസന്ദയിലാണ് സംഭവം.ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കുട്ടിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. പരീക്ഷയില്‍ തന്റെ തുടര്‍ച്ചയായ പരാജയത്തിന് ദൈവങ്ങളെ കുറ്റപ്പെടുത്തിയ വിദ്യാര്‍ത്ഥി ക്ഷേത്രത്തിലെത്തി വിഗ്രഹം തകര്‍ക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
നവംബര്‍ 15നായിരുന്നു സംഭവം. ക്ഷേത്രത്തിനടുത്തേക്ക് നടന്നുവന്ന വിദ്യാര്‍ത്ഥി വിഗ്രഹം തകര്‍ക്കുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ക്ഷേത്രത്തിലെ പൂജാരിയാണ് തകര്‍ന്ന വിഗ്രഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് വിദ്യാര്‍ത്ഥിയെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് 17-കാരനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ നടപടികള്‍ക്കായി കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറി.