ഷാർജയിലേക്ക് പോകാൻ തിരുവനന്തപുരം എയർപോർട്ടിലെത്തി; രാജ്യാന്തര ടെർമിനലിൽ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു

തിരുവനന്തപുരം: യുഎഇയിലെ ഷാര്‍ജയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു. തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ യാത്ര മുടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനലില്‍ വെച്ചാണ് പത്തനംതിട്ട മാരാമണ്‍ സ്വദേശിയായ എബി ജേക്കബിന് (56) തെരുവുനായയുടെ കടിയേറ്റത്.
ലഗേജ് ട്രോളി എടുക്കുന്നതിനിടെയാണ് കാല്‍മുട്ടിന് താഴെയായി നായ കടിച്ചത്. ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ചൊവ്വാഴ്ച വൈകിട്ട് 6.10നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകേണ്ടതായിരുന്നു. കടിയേറ്റ യാത്രക്കാരന് ചികിത്സ ലഭ്യമാക്കിയെന്നും അടുത്ത ദിവസം യാത്രയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തിയെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.