മണ്ഡലകാല തീര്‍ഥാടനത്തിനു തുടക്കം കുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട വെള്ളിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന് എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.
നട തുറന്നശേഷം പതിനെട്ടാംപടിക്കു താഴെ ആഴി തെളിക്കുന്നതോടെ ഭക്തരുടെ പടികയറ്റം തുടങ്ങും. നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായിരിക്കും ആദ്യം പതിനെട്ടാംപടി കയറുക.
വെള്ളിയാഴ്ച വൈകുന്നേരം സോപാനത്തു നടക്കുന്ന ചടങ്ങില്‍ ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി കൊല്ലം ശക്തികുളങ്ങര കന്നിമേല്പടി തോട്ടത്തില്‍ മഠം നാരായണീയത്തില്‍ എസ്. അരുണ്‍കുമാര്‍ നന്പൂതിരിയെ തന്ത്രി കണ്ഠര് രാജീവര് അഭിഷിക്തനാക്കും.
തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത് ഇല്ലത്ത് വാസുദേവന്‍ നന്പൂതിരിയുടെ അഭിഷേക ചടങ്ങുകളും നടക്കും. വൃശ്ചികപ്പുലരിയില്‍ ശബരിമലയിലും മാളികപ്പുറത്തും നട തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരായിരിക്കും. അടുത്ത ഒരുവര്‍ഷം ഇരുവരും പുറപ്പെടാ ശാന്തിമാരെന്ന നിലയില്‍ ശബരിമലയില്‍ താമസിച്ച് പൂജകള്‍ നിര്‍വഹിക്കും.
മണ്ഡലവ്രതാരംഭമായ 16നു പുലര്‍ച്ചെ മൂന്നിനു നട തുറക്കും. ഡിസംബര്‍ 26നാണ് മണ്ഡല പൂജ. എല്ലാദിവസവും പുലര്‍ച്ചെ മൂന്നിന് നട തുറന്ന് ഉച്ചപൂജയ്ക്കുശേഷം ഒന്നിന് അടയ്ക്കും. പിന്നീട് മൂന്നിന് തുറന്ന് രാത്രി 11ന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. പുലര്‍ച്ചെ നട തുറന്ന് നിര്‍മാല്യദര്‍ശനത്തിനുശേഷം നെയ്യഭിഷേകം എല്ലാദിവസവും ഉണ്ടാകും.
ആറന്മുളയില് നിന്നുമെത്തിക്കുന്ന തങ്കഅങ്കി ചാര്‍ത്തി ഡിസംബര്‍ 26നു വൈകുന്നേരം 6.30ന് മണ്ഡലപൂജ നടക്കും. അന്നു രാത്രി അടയ്ക്കുന്ന നട പിന്നീട് ഡിസംബര്‍ 30നു വൈകുന്നേരം മകരവിളക്ക് തീര്‍ഥാടനത്തിനായി തുറക്കും.
ജനുവരി 11ന് എരുമേലി പേട്ടതുള്ളലും 12ന് പന്തളത്തു നിന്ന് തിരുവാഭരണഘോഷയാത്രയും 13ന് പന്പവിളക്ക്, പന്പസദ്യ എന്നിവ നടക്കും. 14നാണ് മകരവിളക്ക്. തീര്‍ഥാടനത്തിനു സമാപനം കുറിച്ച് ജനുവരി 20നാണ് നട അടയ്ക്കുന്നത്.