ഫിന്‍ജല്‍ ഇന്ന് രാത്രിയോടെ കരതൊടും; കേരളത്തില്‍ അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഫിന്‍ജല്‍ ചുഴലിക്കാറ്റ് തീരം തൊടാനിരിക്കെ കേരളത്തിലും അതിശക്ത മഴ മുന്നറിയിപ്പ്. വരുന്ന അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നാളെ 7 ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. മറ്റന്നാള്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം ഫിന്‍ജല്‍ ചുഴലിക്കാറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ കരതൊടും. പുതുച്ചേരിക്ക് സമീപം കരയില്‍ പ്രവേശിച്ചതിന് ശേഷം ചുഴലിക്കാറ്റ് തമിഴ്‌നാട്, കര്‍ണാടക വഴി വടക്കന്‍ കേരളത്തിലെത്തും. പിന്നീട് അറബിക്കടലില്‍ അവസാനിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. കാറ്റ് കരതൊട്ടതിന് ശേഷം മാത്രമേ കേരളത്തിലെ സാഹചര്യത്തില്‍ വ്യക്തതയുണ്ടാകൂ.