ആവേശ പ്രചാരണം കഴിഞ്ഞു; ഇനി കൊട്ടിക്കലാശം, ചേലക്കരയിലും വയനാടും സ്ഥാനാര്‍ത്ഥികള്‍ അവസാന ഓട്ടത്തില്‍

തിരുവനന്തപുരം: ആവേശം നിറഞ്ഞ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒടുവില്‍ രണ്ട് മണ്ഡലങ്ങളിലെ കൊട്ടിക്കലാശം ഇന്ന്. വയനാട് ലോക്‌സഭാ, ചേലക്കര നിമയസഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണമാണ് ഇന്ന് അവസാനിക്കുക. മൂന്ന് മുന്നണികളും അവസാന ഘട്ട പ്രചാരണം ആവേശമാക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം മണ്ഡലങ്ങളില്‍ കണ്ടത്. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് തിരഞ്ഞെടുപ്പ് 20ാം തീയതിയിലേക്ക് മാറ്റിയതിനാല്‍ പാലക്കാട് കൊട്ടിക്കലാശം 18-നാണ് നടക്കുക.


യുഡിഎഫിന്റെ ആവേശം വാനോളം എത്തിക്കാന്‍ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് വയനാട്ടില്‍ ഉണ്ടാകും. ഇന്ന് രാവിലെ 10:15 ന് അസംപ്ഷന്‍ ജംഗ്ഷന് മുന്നില്‍ നിന്നും ചുങ്കം ജംഗ്ഷന്‍ വരെയും, വൈകുന്നേരം മൂന്നിന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിസരത്ത് നിന്ന് ബസ് സ്റ്റാന്‍ഡിലേക്കും പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും റോഡ് ഷോ നടത്തും. ആയിരക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി കൊട്ടിക്കലാശം ആവേശമാക്കാനാണ് യുഡിഎഫ് ശ്രമം.


എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി രാവിലെ 10 മണിക്ക് സുല്‍ത്താന്‍ ബത്തേരി സെന്റ്‌മേരിസ് കോളേജില്‍ എത്തും. വൈകീട്ട് 3 മണിക്ക് കല്‍പ്പറ്റയില്‍ വെച്ചാണ് എല്‍ഡിഎഫ് കൊട്ടിക്കലാശം. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പങ്കെടുക്കും.


എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് ഇന്ന് റോഡ് ഷോയില്‍ പങ്കെടുക്കും. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങളിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ. ശേഷം ബത്തേരി ടൗണില്‍ നടക്കുന്ന കലാശക്കൊട്ടിലും നവ്യ ഹരിദാസ് പങ്കെടുക്കും.ചേലക്കരയില്‍ ഇതുവരെ കാണാത്ത കാടിളക്കിയ പ്രചാരണമാണ് ഇത്തവണ കണ്ടത്. ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും വിവാദങ്ങളില്‍ കരുതലോടെ പ്രതികരിച്ചുമായിരുന്നു എല്‍ഡിഎഫ് പ്രചാരണം. ഭരണവിരുദ്ധ വികാരമാണ് പ്രധാനമായും യുഡിഎഫും എന്‍ഡിഎയും പ്രധാന പ്രചാരണ വിഷയമാക്കിയത്. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോ മണ്ഡലത്തിലുണ്ടാകും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്, മുള്ളൂര്‍ക്കര, വരവൂര്‍ ദേശമംഗലം, ചെറുതുരുത്തി, പാഞ്ഞാള്‍ പഞ്ചായത്തുകളിലെ പര്യടനത്തിനുശേഷം ചേലക്കരയിലെത്തും. യു ആര്‍ പ്രദീപിനായി പാലക്കാട് സ്ഥാനാര്‍ത്ഥി പി സരിനും കലാശക്കൊട്ടില്‍ അണിനിരക്കും.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് തിരുവില്വാമലയില്‍ നിന്നാരംഭിച്ച് എല്ലാ പഞ്ചായത്തുകളിലെയും പ്രധാന റോഡിലൂടെ പര്യടനം നടത്തി കൊട്ടിക്കലാശത്തിനു ചേലക്കരയിലെത്തും. രമ്യ ഹരിദാസിന് വേണ്ടി കെപിസിസി പ്രസിഡന്റ് കെ സുധാകരനും അണിനിരക്കും.


എന്‍ഡിഎ സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് ബിജെപി സംസ്ഥാന അധ്യക്ഷനോടൊപ്പം ചേലക്കരയിലെ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. വൈകിട്ട് ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും പങ്കെടുക്കുന്ന കൊട്ടിക്കലാശം.കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നു മണ്ഡലങ്ങളിലും ഇന്ന് കലാശക്കൊട്ട് നടക്കുന്നുണ്ട്. ചന്നപട്ടണ, ഷിഗാവ്, സന്തൂര്‍ മണ്ഡലങ്ങളാണ് മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങുക. എച്ച് ഡി കുമരസ്വാമി ലോക്‌സഭയിലേക്ക് പോയ ഒഴിവില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചന്നപട്ടണയില്‍ മകന്‍ നിഖില്‍ കുമാരസ്വാമിയാണ് എന്‍ഡിഎയ്ക്ക് വേണ്ടി ജനവിധി തേടുന്നത്. കോണ്‍ഗ്രസിന്റെ സി പി യോഗേശ്വര്‍ ആണ് എതിരാളി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ച നിഖില്‍ കുമാരസ്വാമിക്കും ജെഡിഎസിനും ചന്നപട്ടണയിലെ വിജയം നിര്‍ണായകമാണ്. അനാരോഗ്യം മൂലം ബുദ്ധിമുട്ടുണ്ടെങ്കിലും മുത്തച്ഛന്‍ എച് ഡി ദേവഗൗഡയെ രംഗത്തിറക്കിയാണ് പ്രചാരണത്തിന്റെ അവസാന നാളുകളില്‍ നിഖില്‍ വോട്ടഭ്യര്‍ത്ഥിച്ചത്.

മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഷിഗാവില്‍ മകന്‍ ഭരത് ബൊമ്മെയും ആത്മവിശ്വാസത്തിലാണ്. കോണ്‍ഗ്രസില്‍ നിന്ന് ശക്തനായ എതിരാളി ഇല്ലെന്നത് എന്‍ഡിഎ ക്യാമ്പിന് പ്രതീക്ഷ നല്‍കുന്നുണ്ട്. ബിജെപിയും കോണ്‍ഗ്രസും നേരിട്ടേറ്റുമുട്ടുന്ന സന്തൂറില്‍ അവസാന ലാപ്പില്‍ പ്രചാരണം ഒപ്പത്തിനൊപ്പമാണ്. മുഡ ഭൂമി ഇടപാട് ഉള്‍പ്പടെ നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഉപ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്.