വീണ്ടും സുരക്ഷാ വീഴ്ച; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യബസ് ഇടിച്ചു കയറി

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യബസ് ഇടിച്ചു കയറി. കോഴിക്കോട് കോട്ടൂളിയിലാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരം വാമനപുരത്ത് വച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിക്കാതിരിനുള്ള
ശ്രമത്തിനിടെ വാഹനവ്യൂഹത്തിലെ മുഖ്യമന്ത്രിയുടെ വാഹനമടക്കം 5വാഹനങ്ങള്‍ കൂട്ടിയിടിച്ചിരുന്നു.അമിത വേഗതയിലായിരുന്നു മുഖ്യമന്ത്രിയുടെ വാഹനമടക്കം വന്നിരുന്നത്. സ്‌കൂട്ടര്‍ യാത്രക്കാരി ഇന്‍ഡിക്കേറ്റര്‍ ഇട്ട് ടേണ്‍ ചെയ്യുന്നതിനിടെ വേഗത്തില്‍ വന്ന
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു. പിന്നാലെ മറ്റു വാഹനങ്ങള്‍ ഒന്നിനൊന്നായി പിറകില്‍ ഇടിക്കുകയായിരുന്നു.ഇന്നലെ വൈകീട്ടാണ് സംഭവം. ബാലസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വെസ്റ്റ് ഹില്ലിലെ പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിലേക്ക് പോകുന്ന വഴിയാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ പത്ത്‌ വാഹനങ്ങളാണ് ഉള്ളത്. പത്താമത്തെ വാഹനത്തിന് മുന്‍പിലേക്കാണ് സ്വകാര്യബസ് കയറിയത്.

കോഴിക്കോട് സര്‍വീസ് നടത്തുന്ന കിനാവ് ബസ് ആണ് കസ്റ്റഡിയിലെടുത്തത്. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവറുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായി എന്നാണ് വിലയിരുത്തല്‍.