സംസ്ഥാന സ്‌കൂള്‍ കായിക മേള; ഓവറോള്‍ ചാമ്പ്യന്‍മാരായി തിരുവനന്തപുരം, അത്ലറ്റിക്സില്‍ മലപ്പുറം ചാമ്പ്യന്‍മാര്‍

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി തിരുവനന്തപുരം. 1935 പോയിന്റ് നേടിയാണ് തിരുവനന്തപുരം ഒന്നാം സ്ഥാനത്തെത്തിയത്. 848 പോയിന്റുകള്‍ നേടി തൃശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനം നേടിയത്. 824 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തിന് അര്‍ഹരായി.

എന്നാല്‍ അത്ലറ്റിക്സില്‍ മലപ്പുറം ജില്ലയാണ് ചാമ്പ്യന്മാര്‍. മലപ്പുറം അത്‌ലറ്റിക്‌സില്‍ കിരീടം നേടുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.

നേരത്തെ, ഗെയിംസ് വിഭാഗത്തില്‍ 1,213 പോയിന്റുമായി തിരുവനന്തപുരം കിരീടം നേടിയിരുന്നു. മേളയിലെ അത്‌ലറ്റിക്‌സ് ആന്‍ഡ് ഗെയിംസ് വിഭാഗങ്ങളില്‍ തിരുവനന്തപുരം ജില്ല മറ്റ് ജില്ലകളെ അപേക്ഷിച്ച് ബഹുദൂരം മുമ്പിലായിരുന്നു.
എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവന്‍ കുട്ടി അധ്യക്ഷനാകും. നടന്‍ വിനായകന്‍, ഫുട്ബോള്‍ താരം ഐഎം വിജയന്‍ എന്നിവര്‍ പങ്കെടുക്കും.