തമിഴ്‌നാട്ടില്‍ നിന്നും വർക്കലയിലേക്ക് വന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊച്ചിയിൽ മറിഞ്ഞു; നാല് പേര്‍ക്ക് പരിക്ക്

കൊച്ചിയിൽ ബസ് മറിഞ്ഞ് അപകടം.ഇടപ്പള്ളി വൈറ്റില ബൈപ്പാസിൽ ചക്കരപ്പറമ്പിന് സമീപമാണ് അപകടം നടന്നത്. ബസ് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. കോയമ്പത്തൂരിൽ നിന്നും വർക്കലയിലേക്ക് കോളേജ് വിദ്യാര്‍ത്ഥികളുടെ വിനോദയാത്ര വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ രണ്ടു വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും നിസാര പരുക്കേറ്റു.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്.മുപ്പത് വിദ്യാര്‍ത്ഥികളാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. വിദ്യാര്‍ത്ഥികൾ ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. നാലര മണിയോടെ പൊലീസ് സംഭവ സ്ഥലത്തെത്തി ബസ് ഉയര്‍ത്തി മാറ്റുകയായിരുന്നു.അതേസമയം എംസി റോഡിൽ കാലിത്തീറ്റയുമായി വന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വീട് പൂർണമായും തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന 4 പേർക്ക് സാരമായി പരിക്കേറ്റു.കുരമ്പാല പത്തിയിൽ പിടിയിൽ ആശാൻ തുണ്ടിൽ കിഴക്കേതിൽ ഗൗരിയുടെ വീടിൻ്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്.ഇന്ന് രാവിലെ 5.45 ആണ് അപകടം നടന്നത്.ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു. തിരുവനന്തപുരം ഭാഗത്തേക്ക് കാലിത്തീറ്റയുമായി പോയ ലോറി ആണ് മറിഞ്ഞത്.