ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലാദ്യം; പെര്‍ത്തില്‍ അപൂര്‍വ റെക്കോര്‍ഡുമായി രാഹുല്‍-ജയ്സ്വാള്‍ സഖ്യം

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ റെക്കോര്‍ഡ് ഓപ്പണിംഗ് കൂട്ടുകെട്ടുമായി ഇന്ത്യയുടെ കെ എല്‍ രാഹുല്‍-യശസ്വി ജയ്സ്വാള്‍ സഖ്യം. ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡാണ് രാഹുലും ജയ്സ്വളും ചേര്‍ന്ന് അടിച്ചെടുത്തത്. 201 റണ്‍സിന്‍റെ കൂട്ടുകെട്ടിനൊടുവിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. 77 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്.1986ല്‍ ഇന്ത്യയുടെ സുനില്‍ ഗവാസ്കര്‍-കൃഷ്ണമാചാരി ശ്രീകാന്ത് സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ നേടിയ 191 റണ്‍സായിരുന്നു ഓസ്ട്രേലിയയിൽ ഇതുവരെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ട്. സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നിവരുൾപ്പെട്ട സെന രാജ്യങ്ങളിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡ് 10 റണ്‍സ് വ്യത്യാസത്തിലാണ് രാഹുല്‍-ജയ്സ്വാള്‍ സഖ്യത്തിന് നഷ്ടമായത്.1979ല്‍ ഇംഗ്ലണ്ടിനെതിരെ ഓവലില്‍ ഗവാസ്കര്‍-ചേതന്‍ ചൗഹാന്‍ സഖ്യം നേടിയ 213 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് രാഹുല്‍-ജയ്സ്വാൾ സഖ്യത്തിന് കൈയകലത്തില്‍ നഷ്ടമായത്. 19 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യൻ ഓപ്പണര്‍മാര്‍ ഓസ്ട്രേലിയയില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തുന്നത്. 2004ൽ സിഡ്നിയില്‍ വീരേന്ദര്‍ സെവാഗ്-ആകാശ് ചോപ്ര സഖ്യമാണ് ഓസ്ട്രേലിയയില്‍ ഇതിന് മുമ്പ് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഇന്ത്യൻ ഓപ്പണിംഗ് സഖ്യം.ഓസ്ട്രേലിയയില്‍ ഒരു വിദേശ ടീം നേടുന്ന ആറാമത്തെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടുമാണിത്. ജോഷ് ഹേസൽവുഡിനെ അപ്പര്‍ കട്ടിലൂടെ സിക്സ് പറത്തിയാണ് ജയ്സ്വാള്‍ 205 പന്തില്‍ തന്‍റെ നാലാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 77 റണ്‍സെടുത്ത രാഹുലിന്‍റെ വിക്കറ്റാണ് പെര്‍ത്തില്‍ മൂന്നാം ദിനം ഇന്ത്യക്ക് നഷ്ടമായത്.