കടയ്ക്കലിൽ പ്ലസ് വൺ വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ ട്യൂട്ടോറിയൽ കോളേജ് പ്രിൻസിപ്പാൾ പിടിയിൽ.

കൊല്ലം: കടയ്ക്കലിൽ പ്ലസ് വൺ വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ ട്യൂട്ടോറിയൽ കോളേജ് പ്രിൻസിപ്പാൾ പിടിയിൽ. മുക്കുന്നം സ്വദേശി അഫ്സൽ ജമാലാണ് അറസ്റ്റിലായത്. ഉപജില്ലാ കലോത്സവത്തിന് എത്തിയ കുട്ടിക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം. ഇക്കഴിഞ്ഞ ഏഴാം തീയതി ചടയമംഗലം ഉപജില്ലാ കലോത്സവത്തിനിടെയാണ് പരാതിക്ക് ആസ്പദമായ സംഭവം.

സ്കൂളിന് പുറമെ സമീപത്തെ പാരലൽ കോളേജുകളും കലോത്സവ വേദിയായിരുന്നു. പ്രാഥമിക ആവശ്യത്തിനായി പോയ കുട്ടിയെ ട്യൂട്ടോറിയൽ കോളേജ് പ്രിൻസിപ്പാളായ അഫ്സൽ ജമാൽ കടന്നു പിടിച്ചെന്നാണ് പരാതി. പ്രതിയിൽ നിന്നും കുതറിയോടിയ പെൺകുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് കടയ്ക്കൽ പൊലീസിൽ പരാതി നൽകി. പിന്നാലെ പ്രതി ഒളിവിൽ പോയി. പൊലീസ് നടത്തിയ തെരച്ചിലിൽ അഫ്സൽ ജമാൽ പിടിയിലാവുകയായിരുന്നു.

പെൺകുട്ടിയോട് അഫ്സൽ നേരത്തെ പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നും സമാനമായ രീതിയിൽ ശല്യപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകളാണ് അഫ്സലിനെതിരെ ചുമത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.