പാലക്കാട് നിയോജക മണ്ഡലത്തില്‍ ഇന്ന് അവധി
പാലക്കാട് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 20) പാലക്കാട് നിയോജക മണ്ഡലത്തില്‍ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിയോജക മണ്ഡലത്തിന്‍റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതു ഭരണ വകുപ്പ് അവധി പ്രഖ്യാപിച്ചെന്നാണ് ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചിരിക്കുന്നത്. നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് വേതനത്തോടുകൂടിയുള്ള അവധിയായിരിക്കും.
790 ഭിന്നശേഷി വോട്ടര്‍മാര്‍; 184 ബൂത്തുകളും ഭിന്നശേഷി സൗഹൃദം
ഉപതെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക പരിഗണ നല്‍കിയാണ് തെരഞ്ഞെടുപ്പ് നടത്തിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഭിന്നശേഷി സൗഹൃദം ഉറപ്പു വരുത്തുന്നതിനായി 184 ബൂത്തുകളും താഴത്തെ നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ബൂത്തുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി എല്ലാ ബൂത്തുകളിലും റാംപ് സൗകര്യം, ചലന വൈകല്യമുള്ളവര്‍ക്ക് വീല്‍ ചെയര്‍, കാഴ്ച പരിമിതി ഉള്ളവരെ സഹായിക്കുന്നതിനായി സഹായികള്‍, കുടിവെള്ളം, വോട്ടിങ് മെഷീനില്‍ ബ്രെയിന്‍ ലിപി എന്നിവ ഒരുക്കിയിട്ടുണ്ട്.
ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിന് വരി നില്‍ക്കേണ്ട ആവശ്യമില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ ഇവര്‍ക്ക് വാഹന സൗകര്യം ലഭിക്കും. സക്ഷം ആപ്പിലൂടെ വീല്‍ ചെയറും മറ്റു സൗകര്യങ്ങളും ഭിന്ന ശേഷിക്കാര്‍ക്ക് ആവശ്യപ്പെടാവുന്നതാണ്. വെണ്ണക്കര സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്രധാന കെട്ടിടം ഭിന്നശേഷിക്കാര്‍ മാത്രമുള്ള പോളിംഗ് ബൂത്തായി സജ്ജീകരിച്ചിട്ടുണ്ട്.
എ.എല്‍.പി. സ്‌കൂള്‍ മാത്തൂറിലാണ് ഏറ്റവും കൂടുതലായ 145 ഭിന്നശേഷി വോട്ടര്‍മാരുള്ളത്. ഇവിടെ ചലന വൈകല്യമുള്ള 77 പേരും, കാഴ്ച പരിമിതിയുള്ള 5 പേരുമാണ് ഉള്ളത്. മണപ്പുള്ളിക്കാവ് ട്രൂ ലൈന്‍ പബ്ലിക് സ്‌കൂളിലാണ് കാഴ്ചപരിമിതിയുള്ള വോട്ടര്‍മാര്‍ കൂടുതലുള്ളത്. ജില്ലാ സാമൂഹ്യ നീതി ഓഫീസറായ സമീര്‍ മച്ചിങ്ങലാണ് നോഡല്‍ ഓഫീസര്‍.
മഹാരാഷ്ട്രയും ജാർഖണ്ഡും ഇന്ന് പോളിംഗ് ബൂത്തിൽ
മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ന് വോട്ടെടുപ്പ് നടക്കും. മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളിൽ മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും നേർക്കുനേരാണ് മത്സരം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ക്രിപ്‌റ്റോ കറൻസിയിലൂടെ പണമൊഴുക്കാൻ എംവിഎ ശ്രമമെന്ന ബിജെപി ആരോപണം തള്ളി സുപ്രിയ സുലേ. ജാർഖണ്ഡിൽ രണ്ടാംഘട്ടത്തിൽ 38 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്.